മോദി ഒരു പെറ്റി പൊളിറ്റീഷ്യൻ; ഗ്യാരൻ്റി വെറും കള്ളത്തരം: മല്ലികാർജുൻ ഖർഗെ


തിരുവനന്തപുരം: മോദി ഒരു പെറ്റി പൊളിറ്റീഷ്യനാണെന്ന വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കോൺഗ്രസിന് വോട്ടർമാരിൽ നിന്ന് മികച്ച പിന്തുണ കിട്ടുന്നുണ്ടെന്നും മോദി ഇതിൽ ഭയപ്പെടുകയാണെന്നും ഖർഗെ പറഞ്ഞു. കോൺഗ്രസ് ഒന്നുമല്ലെങ്കിൽ എന്തിനാണ് മോദി നിരന്തരം വിമർശിക്കുന്നതെന്നു ചോദിച്ച ഖർഗെ അഴിമതിയോട് സന്ധിചെയ്യില്ലെന്ന് പറഞ്ഞ ബിജെപി മറുവശത്ത് എംഎൽഎമാരെ വിലക്ക് വാങ്ങുകയാണെന്നും ആരോപിച്ചു.
നൽകിയ വാഗ്ദാനങ്ങളെല്ലാം മോദി മറന്നു. പ്രധാനമന്ത്രി വെറുതെ കള്ളം പറയുകയാണ്. മോദിയുടെ ഗ്യാരൻ്റി വെറും കള്ളത്തരമാണ്. രാജ്യത്ത് ബിജെപിക്ക് എതിരായ അടിയൊഴുക്ക് ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് നൽകുമെന്നാണ് അവർ പറയുന്നത്. കുട്ടികളുടെ എണ്ണം കൂടിയത് വരെ മോദി കുറ്റമായി കാണുകയാണ്. തനിക്ക് 5 കുട്ടികളുണ്ട്. അധ്വാനിച്ചാണ് അവരെ വളർത്തിയതെന്നും ഖർഗെ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റായി പോയി. അദ്ദേഹം ഇന്ത്യാ ചരിത്രം വായിക്കണം. രാജ്യത്തെ ഒക്കെട്ടായി നിർത്താൻ പഠിക്കണം. രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കുട്ടികൾ കൂടുന്നത്. അതിനെ മതപരമായ വേർതിരിച്ചു കാണരുത്. കേരളം രാജ്യത്തെ രാഷ്ട്രീയത്തിൽ പ്രധാന പങ്ക് വഹിക്കുന്നുവെന്നും മല്ലികാർജുൻ ഖർഗെ പറഞ്ഞു. നേതാക്കളെയെല്ലാം ജയിലിലിടുകയാണ്. കോൺഗ്രസിൻ്റെ അക്കൗണ്ട് മരവിപ്പിച്ചു. തൊഴിലില്ലായ്മയെ പറ്റി ഒരക്ഷരം മോദി മിണ്ടുന്നില്ല. പണപെരുപ്പം വർധിക്കുകയാണ്. 2014-ലെയും ഇപ്പോഴത്തെയും ഇന്ധന ഗ്യാസ് വില താരതമ്യം ചെയ്തു നോക്കൂവെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ചന്ദ്രശേഖർ കർണാടകയിൽ എന്ത് ചെയ്തു? കേരളത്തിൽ എന്ത് ചെയ്യുമെന്നാണ് പറയുന്നത്?. തരൂർ പാർട്ടിയുടെ ശക്തിയാണ്. അടൂർ പ്രകാശ് മികച്ച സ്ഥാനാർത്ഥിയാണ്. യുഡിഎഫ് നിർത്തിയ സ്ഥാനാർത്ഥികളെല്ലാം മികച്ചവരാണെന്നും 20 സീറ്റിലും വിജയിക്കുമെന്നും ഖർഗെ വ്യക്തമാക്കി.