രജിസ്റ്ററ്റേർഡായി അയച്ച ഇന്റർവ്യൂ ക്ഷണകത്ത് പോസ്റ്റ്‌വുമൺ നൽകിയത് പത്ത് ദിവസങ്ങൾ കഴിഞ്ഞ്.അവസരം നഷ്ടമായ ഭിന്നശേഷിക്കാരൻ പ്രതിഷേധവുമായി രംഗത്ത്


കട്ടപ്പന :രജിസ്റ്ററ്റേർഡായി അയച്ച ഇന്റർവ്യൂ ക്ഷണകത്ത് പോസ്റ്റ്‌വുമൺ നൽകിയത് പത്ത് ദിവസങ്ങൾ കഴിഞ്ഞ്.അവസരം നഷ്ടമായ ഭിന്നശേഷിക്കാരൻ പ്രതിഷേധവുമായി രംഗത്ത്.കട്ടപ്പന വെള്ളയാംകുടി സ്വദേശി വട്ടക്കാട്ടിൽ ലിന്റോ തോമസ് ആണ് വെള്ളയാംകുടി പോസ്റ്റ് ഓഫീസിലെ ജീവനക്കാരിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്.കഴിഞ്ഞ മാർച്ച് 18നാണ് പുളിന്താനത്തുള്ള സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂളിലെ മിനിയൽ തസ്തികയിലേക്കുള്ള അഭിമുഖ ക്ഷണകത്ത് ലിന്റോയുടെ പേരിൽ രജിസ്റ്ററ്റേർഡായി വെള്ളയാംകുടി പോസ്റ്റ് ഓഫീസിൽ എത്തിയത്.എന്നാൽ പത്ത് ദിവസങ്ങൾ വൈകി മാർച്ച് 28നാണ് ഈ കത്ത് പോസ്റ്റ് ഓഫീസിലെ ജീവനക്കാരിയായ ലിമ എന്നയാൾ അപേക്ഷകനായ ലിന്റോയ്ക്ക് കൈമാറിയത്.തുടർന്ന് കത്ത് പരിശോധിച്ചപ്പോഴാണ് മാർച്ച് 23 നാണ് അഭിമുഖം നിശ്ചയിച്ചിരുന്നത് എന്ന് വ്യക്തമായത്.പോസ്റ്റ് ഓഫീസ് ജീവനക്കാരിയുടെ അനാസ്ഥമൂലം ജോലിക്കുള്ള അവസരം നഷ്ടമായതായി കാട്ടി തപാൽ വകുപ്പ്, മുഖ്യമന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് ലിന്റോ പരാതി നൽകിയിയെങ്കിലും നടപടി ഉണ്ടായില്ല.ഇതേ തുടർന്നാണ് യുവാവ് പോസ്റ്റ് ഓഫീസിന് മുൻപിൽ ഒറ്റയാൾ സമരം നടത്തിയത്.പോസ്റ്റ്‌വുമണിനെതിരെ നടപടിയെടുക്കുകയും തനിക്ക് നഷ്ടപരിഹാരം നൽകണമെന്നുമാണ് ലിന്റോ ആവശ്യപ്പെടുന്നത്.ഭിന്നശേഷിക്കർക്കുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ് ലിന്റോയ്ക്ക് എയ്ഡഡ് സ്കൂളിലെ മിനിയൽ ഫുൾ ടൈം തസ്തികയിലേക്കുള്ള അഭിമുഖത്തിന് അവസരം ലഭിച്ചത്.അതേ സമയം ലിന്റോയുടെ മൊബൈൽ നമ്പർ ലഭിക്കാത്തതിനാലാണ് കത്ത് കൈമാറാൻ വൈകിയത് എന്നാണ് പോസ്റ്റ്‌ഓഫീസിൽ നിന്നുള്ള വിചിത്ര മറുപടി.പ്രതിഷേധമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിരുന്നു.പ്രശ്നം പരിഹരിക്കാമെന്ന് എസ്ഐ ഉറപ്പ് നൽകിയതിനാൽ ലിന്റോ താത്കാലികമായി സമരം അവസാനിപ്പിച്ചു.