ഏലം കർഷകർക്കായി രാസവിഷരഹിത കീട-രോഗ നിയന്ത്രണ മാർഗങ്ങളെക്കുറിച്ച് ക്ലാസ്സ് സംഘടിപ്പിച്ചു
ഇടുക്കി ജില്ലയിലെ അടിമാലി ബ്ലോക്കിനെ കേന്ദ്രീകരിച്ച് നടപ്പിലാക്കിവരുന്ന ഏലം അഗ്രോഇക്കോളജി പ്രൊജക്ടിന്റെ ഭാഗമായി കർഷകർക്ക് വിദഗ്ദ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലയിലെ ഏലം കൃഷിയിൽ വ്യാപകമായ കീടനാശിനി പ്രയോഗം കണ്ടെത്തിയതിനെതുടർന്ന് രാസവിഷരഹിത കൃഷിരീതികളെ പ്രോത്സാഹിപ്പിക്കാനായി പെസ്റ്റിസൈഡ് ആക്ഷൻ നെറ്റ്വർക്ക് (പാൻ) ഇന്ത്യയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 2023 ൽ ആരംഭിച്ച പദ്ധതി അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ സെപ്റ്റംബർ 26 ന് ഉദ്ഘാടനം ചെയ്തിരുന്നു. പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പരിശീലന പരിപാടികൾ നടത്തിവരുന്നു.
മുനിയറ പ്രദേശത്തെ ഏലം കർഷകർക്കായി പണിക്കൻകുടി, മരിയ വിയാനി പള്ളി, പാരിഷ് ഹാളിൽ വച്ചാണ് ക്ലാസ്സ് സംഘടിപ്പിച്ചത്. പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ മേധാവിയും പ്രൊഫസറുമായ ഡോ മുത്തുസ്വാമി മുരുകൻ ക്ലാസ്സിന് നേതൃത്വം നൽകി. ഏലത്തിന്റെ വിളനിലമായിരുന്ന ഇടുക്കിയിന്ന് രാസകീടനാശിനികളുടെക്കൂടി കേന്ദ്രമാവുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. രാസകീടനാശിനികൾ പരിസ്ഥിതിയിലും മനുഷ്യരിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. രാസകീടനാശിനികളുടെ ഉപയോഗം കുറച്ചുകൊണ്ട് ശത്രുകീടങ്ങളേയും രോഗങ്ങളെയും ചെറുക്കാൻ കൃഷിയിടങ്ങളിൽ നടപ്പിലാക്കാവുന്ന മാർഗങ്ങൾ, വ്യത്യസ്ഥ രീതികൾ എന്നിവ അദ്ദേഹം കർഷകർക്ക് പരിചയപ്പെടുത്തി. പ്രൊജക്റ്റ് കോർഡിനേറ്റർ ഹീര സി കെ പ്രൊജക്റ്റ് അവതരണം നടത്തി. രാസവിഷങ്ങൾ ഉപയോഗിക്കാതെയുള്ള കീടരോഗനിയന്ത്രണ മാർഗങ്ങളിൽ പരിശീലനം നൽകിയ ക്ലാസ്സിൽ 72 കർഷകർ പങ്കെടുത്തു. പ്രൊജക്റ്റ് ഓഫീസർ ശില്പ സി കെ, ഫീൽഡ് ഓഫീസർ ശ്രീദേവി കെ ഡി എന്നിവർ പ്രോജെക്ടിന്റെ തുടർപ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.