സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ മഴ ശക്തിപ്രാപിക്കും, ഇടിമിന്നലിനും സാധ്യത; രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ വേനല്‍മഴ ശക്തിപ്രാപിക്കാന്‍ സാധ്യത. എല്ലാ ജില്ലകളിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വ്യാപക മഴയാണ് പ്രവചിക്കുന്നത്.ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കോഴിക്കോട്, വയനാട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനിടെ സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പും നല്‍കി. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും തൃശ്ശൂര്‍ ജില്ലയില്‍ 38°C വരെയും കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഈ ദിവസങ്ങളില്‍ രേഖപ്പെടുത്താന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സാധാരണയെക്കാള്‍ 2 – 4 °C വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളില്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു