ജനങ്ങൾ സർക്കാരിനെതിരെ വിധി എഴുതും : എ.കെ മണി
ഇടുക്കി : ജനങ്ങളെ വഞ്ചിച്ച കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള വിധിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയും ആയ എകെ മണി. യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിന്റെ ദേവികുളം നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പര്യടനം കാന്തല്ലൂർ ടൗണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവികുളം താലൂക്കിലെ ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന പതിനഞ്ചോളം ഉത്തരവുകളാണ് കഴിഞ്ഞ 8 വർഷങ്ങൾ കൊണ്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്. മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ടൂറിസം വികസനത്തിനും ഈ സർക്കാർ തുരങ്കം വെച്ചു. തോട്ടം തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാണ്. സർവ്വ മേഖലകളിലും പരാജയമായ ഒരു സർക്കാരാണ് ഇതെന്നും എ.കെ മണി ആരോപിച്ചു. യുഡിഎഫ് ചെയർമാൻ എം.ബി സൈനുദ്ധിൻ അധ്യക്ഷത വഹിച്ചു. അലോഷ്യസ് സേവ്യർ, ഏ.പി ഉസ്മാൻ, ഒ.ആർ ശശി, ജി മുനിയാണ്ടി, കെ.എ കുര്യൻ, ഡി കുമാർ, എം വിജയകുമാർ, ജി മുരുകയ്യ, കെ എം ഖാദർ കുഞ്ഞ്, ബാബു കീച്ചേരി, കെ.കെ ബാബു, പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ ഉദ്ഘാടന സമ്മേളനത്തിന് ശേഷം മറയൂർ, മൂന്നാർ മണ്ഡലങ്ങളിലാണ് ഡീൻ പ്രചരണം നടത്തിയത്. രാവിലെ കാന്തല്ലൂർ ടൗൺ, കീഴാന്തൂർ, ചൂരക്കുളം, കോവിൽ കടവ്, ചേരുവാട്, നാച്ചി വയൽ, മറയൂർ ടൗൺ, പള്ളനാട്, കാപ്പി സ്റ്റോർ, ചെക്ക് പോസ്റ്റ് എന്നിവിടങ്ങളിലാണ് യുഡിഎഫ് സ്ഥാനാർത്ഥി പ്രചാരണത്തിനെത്തിയത്. ഗ്രാമങ്ങളിൽ ഓരോ ഇടങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് ഡീൻ കുര്യാക്കോസിനെ സ്വീകരിക്കാൻ കാത്തു നിന്നത്. ഉച്ചക്ക് ശേഷം വാഗവര ഫാക്ട്റി, തലയാർ, നയമക്കാട്, കന്നിമല ഫാക്ട്റി, പെരിയമ്മ ഫാക്ട്റി, നല്ലതണ്ണി ഈസ്റ്റ്, കല്ലാർ ഫാക്ട്റി, നടയാർ സൗത്ത്, മൂന്നാർ കോളനി എന്നിവിടങ്ങളിൽ പര്യടനം നടത്തി മൂന്നാർ ടൗണിൽ സമാപിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം റോയി കെ പൗലോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.