Letterhead top
previous arrow
next arrow
നാട്ടുവാര്‍ത്തകള്‍

നേര്യമംഗലം പാമ്പള-ഇടുക്കി റോഡ് നിർമാണം;കരാറുകാരന് മന്ത്രിയുടെ ശാസന



ചെറുതോണി : എറണാകുളം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ നേര്യമംഗലം പാമ്പള-ഇടുക്കി റോഡ് നിർമാണം വൈകുന്നതിൽ കരാറുകാരനെ ശാസിച്ച് മന്ത്രി റോഷി അഗസ്റ്റിൻ. എറണാകുളം കവളങ്ങാട് പഞ്ചായത്തിലെ 9,10, 11 വാർഡുകളിലൂടെ കടന്നുവന്ന് ജില്ലാ ആസ്ഥാനത്തുകൂടി കടന്നുപോകുന്ന പാതയാണിത്. ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ അടിയന്തരമായി റോഡ് നിർമാണം പൂർത്തിയാക്കണമെന്ന് മന്ത്രി കരാറുകാരനോട് ആവശ്യപ്പെട്ടു.

ജോയ്‌സ് ജോർജ് എം.പി. ആയിരുന്നപ്പോഴാണ് സെൻട്രൽ റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി പനംകൂട്ടി-നേര്യമംഗലം-കമ്പിളികണ്ടം റോഡിന് 28 കോടി രൂപ ഫണ്ടനുവദിച്ചത്. 2018-ൽ റോഡിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അലംഭാവംമൂലം മൂന്ന് വർഷമായിട്ടും പണിപൂർത്തിയായില്ല. 28 കിലോമീറ്റർ റോഡ് മോശമായതിനാൽ പ്രദേശവാസികൾ തൊടുപുഴ വഴിയോ, വണ്ണപ്പുറം വഴിയോ, അടിമാലി വഴിയോ എറണാകുളത്തിനു പോകണം. ഇടുക്കി ജില്ലയിൽ ആവശ്യമായ പലചരക്ക്, പച്ചക്കറി, കമ്പി, സിമൻറ്, പഴവർഗങ്ങൾ, കാലിത്തീറ്റ, പാറ ഉത്പന്നങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ തുടങ്ങിയവ ഏറിയ പങ്കും ഈ വഴിയാണെത്തിക്കുന്നത്. കുഴികൾ നിറഞ്ഞ ഈ പാതയിലൂടെയുള്ള യാത്ര ദുഷ്‌കരമാണ്. റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമായ പശ്ചാത്തലത്തിലാണ് റോഡുനിർമാണം വൈകിക്കുന്നതിനെതിരേ കരാറുകാരന്‍റെ പ്രതിനിധിയെ വിളിച്ചുവരുത്തി മന്ത്രി റോഷി അഗസ്റ്റിൻ ശാസിച്ചത്.

കവളങ്ങാട് പഞ്ചായത്ത് ടാറിങ് പ്ലാൻറിനെതിരേ കോടതിയെ സമീപിച്ചതിനാലാണ് നിർമാണം വൈകുന്നതെന്നാണ് കരാറുകാരൻ പറയുന്നത്.

എന്നാൽ, ഇക്കാര്യങ്ങളൊന്നും റോഡുനിർമാണത്തിന് ബാധകമല്ലെന്നും മറ്റുസ്ഥലത്തുനിന്ന് ടാറെത്തിച്ച് അടിയന്തരമായി നിർമാണം പൂർത്തിയാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിർമാണം വൈകിയതുമൂലം പ്രദേശവാസികൾ ലീഗൽ സർവീസസ്‌ അതോറിറ്റിക്ക് പരാതി നൽകിയതിനെത്തുടർന്ന് മുട്ടത്തുനടന്ന അദാലത്തിൽ ഉദ്യോഗസ്ഥരെയും കരാറുകാരെയും വിളിച്ചുവരുത്തി ചർച്ചചെയ്തിരുന്നു. ഉടൻതന്നെ റോഡുനിർമാണം പൂർത്തിയാക്കണമെന്ന് ലീഗൽ സർവീസസ്‌ അതോറിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും നിർമാണം പുനരാരംഭിച്ചില്ല.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!