വേനലവധി: വാഗമണ്ണില്‍ സഞ്ചാരികളുടെ തിരക്കാരംഭിച്ചു
വേനലവധി തുടങ്ങിയതോടെ വാഗമണ്ണിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവ് തുടങ്ങി. വിഷു കഴിയുന്നതോടെ സഞ്ചാരികളുടെ തിരക്ക് വർധിക്കും.
എന്നാല്‍, പാർക്കിംഗ്, പ്രാഥമിക കൃത്യനിർവഹണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി ഈ വർഷവും സഞ്ചാരികളെ ബുദ്ധിമുട്ടിക്കും.
ഓരോ വർഷവും സഞ്ചാരികളുടെ എണ്ണം കൂടിവരുന്നുണ്ടെങ്കിലും ഇതിനനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനം വാഗമണ്ണില്‍ ഉണ്ടാകുന്നില്ല. അവധിക്കാലത്ത് കിലോമീറ്ററുകള്‍ നീണ്ട ഗതാഗത തടസമാണ് വാഗമണ്ണില്‍ ഉണ്ടാകുന്നത്.
മൊട്ടക്കുന്നിനും പൈൻമര ക്കാടിനും സമീപമാണ് ഏറ്റവും കൂടുതല്‍ ഗതാഗതതടസം ഉണ്ടാകുന്നത്. മൊട്ടക്കുന്നുകളും ആത്മഹത്യാ മുനമ്ബും പൈൻവാലിയുമാണ് സഞ്ചാരികളുടെ മുഖ്യ ആകർഷണ കേന്ദ്രങ്ങള്‍. അഡ്വഞ്ചർ പാർക്കിന്‍റെ ഭാഗമായി പുതിയ സംരംഭങ്ങള്‍ വന്നതോടെ സഞ്ചാരികളുടെ ഒഴുക്ക് വർധിക്കും.
ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിച്ചപ്പോള്‍ തന്നെ സഞ്ചാരികളുടെ തിരക്ക് വർധിച്ചിരുന്നു. പാരാഗ്ലൈഡിംഗ്, അമ്യൂസ്മെന്‍റ് പാർക്ക്, ഗാർഡൻ തുടങ്ങിയ സംരംഭങ്ങളും സഞ്ചാരികള്‍ക്ക് ആകർഷകമാകും.
എന്നാല്‍, സഞ്ചാരികളെ ഉള്‍ക്കൊള്ളാൻ കഴിയുന്ന ഭൗതീകസൗകര്യം വർധിപ്പിക്കുന്നതില്‍ പഞ്ചായത്തും ഡിടിപിസിയും കാര്യമായി ഒന്നും ചെയ്യുന്നില്ലന്ന വ്യാപക ആക്ഷേപമുണ്ട്. സീസണ്‍ കാലത്തേക്ക് പ്രാഥമിക കൃത്യനിർവഹണത്തിനും പാർക്കിംഗിനും താത്കാലികമായി സൗകര്യമൊരുക്കണമെന്നാണ് ആവശ്യം.
ബസ് സ്റ്റാൻഡ്, പെട്രോള്‍ പമ്ബ് എന്നിവക്കുള്ള തടസവും അടിയന്തരമായി പരിഹരിക്കണം.
പ്ലാസ്റ്റിക്ക് മാലിന്യം ശേഖരി ക്കുന്നതിന് ഡസ്റ്റ് ബിന്നുകളും സ്ഥാപിക്കണം.