പ്രതീക്ഷയോടെ കാത്തിരുന്ന സീസണില്‍ ചെടിയില്‍ കാ പിടിക്കാതായതോടെ ഏലം കര്‍ഷകര്‍ക്ക് വീണ്ടും തിരിച്ചടി.


പ്രതീക്ഷയോടെ കാത്തിരുന്ന സീസണില്‍ ചെടിയില്‍ കാ പിടിക്കാതായതോടെ ഏലം കര്‍ഷകര്‍ക്ക് വീണ്ടും തിരിച്ചടി.
കായില്ലാതെ ശരങ്ങള്‍ മാത്രമായി നില്‍ക്കുന്ന കാഴ്ച്ചയാണ് ഹൈറേഞ്ചിലെ മിക്ക ഏലത്തോട്ടങ്ങളിലും.
ഇതോടെ സീസണില്‍ വലിയ നഷ്ടം നേരിടേണ്ടിവരുമെന്ന ഭീതിയിലാണ് കര്‍ഷകര്‍. പുളിയന്‍മല, വണ്ടന്‍മേട്, ആനവിലാസം തുടങ്ങിയ മേഖലകളിലാണ് ഏലച്ചെടികളില്‍ കാ പിടുത്തം നന്നേ കുറവ്. 800 കിലോ വരെ കാ ലഭിക്കേണ്ട ചെടികളില്‍ ഇതിന്റെ മൂന്നിലൊന്ന് കാ പോലും ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. വിളവെടുപ്പിനു ശേഷമാണ് കാ പിടുത്തം കുറയുന്നതായി കാണുന്നത്. മിക്കയിടങ്ങളിലും സീസണിലെ ആദ്യ വിളവെടുപ്പില്‍ നല്ല കാ ലഭിച്ചിരുന്നു. എന്നാല്‍ വിളവെടുപ്പിനു പിന്നാലെ ശരങ്ങളില്‍ കാ പിടുത്തം കുറയുകയായിരുന്നു. സീസണില്‍ കാര്യമായ വെയിലോ, ചൂടോ ഇല്ലാതിരുന്നിട്ടും കാ പിടുത്തം കുറയുന്നതിനുള്ള കാരണം എന്താണെന്ന അന്വേഷണത്തിലാണ് കര്‍ഷകര്‍. ലോക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച ഏലക്കാ ലേലം കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. കര്‍ഷകരുടെയും കച്ചവടക്കാരുടെയും ഏലക്കാ തരം തിരിച്ചാണ് ഇപ്പോള്‍ ലേലത്തിനു വയ്ക്കുന്നത്. ഇതോടെ ഏലക്കായ്ക്ക് വില ഉയരാനും തുടങ്ങിയിരുന്നു. വരും മാസങ്ങളില്‍ വിലയില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കര്‍ഷകര്‍. എന്നാല്‍ വില ഉയര്‍ന്നാലും കാ പിടുത്തം കുറയുന്നത് കര്‍ഷകരെ വന്‍ കടക്കെണിയിലാക്കുമെന്ന ഭീതിയാണ് ഉയരുന്നത്.
നിലവില്‍ കാ പിടിക്കാത്ത ശരങ്ങളില്‍ നാലോ- അഞ്ചോ മാസത്തിനു ശേഷമേ വീണ്ടും കാ പിടിക്കു. ഇങ്ങനെ വരുമ്പോള്‍ കര്‍ഷകര്‍ക്ക് വിളവെടുപ്പിനു വീണ്ടും മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി ഹൈറേഞ്ചിലുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും പ്രകൃതി ക്ഷോഭവും അമിതമായ വെയിലും ഏലം കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം സൃഷ്ടിച്ചിരുന്നു. ഇടക്കാലത്ത് ഏലയ്ക്കാ വില കിലോയ്ക്ക് 7000 രൂപവരെ ഉയര്‍ന്നതായിരുന്നു ഏക ആശ്വാസം. എന്നാല്‍ പിന്നീട് വില കുത്തനെ കൂപ്പുകുത്തുകയായിരുന്നു. നിലവില്‍ 1000 മുതല്‍ 1200 രൂപവരെയാണ് വില ലഭിക്കുന്നത്. എന്നാല്‍ സീസണില്‍ വില ഉയരുമെന്ന സൂചനകളും മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇതിനിടെയാണ് കാ പിടുത്തം കുറയുന്ന പ്രവണത കണ്ടു വരുന്നത്.