സഹപാഠിക്ക് വീട് പണിതു നൽകാനുള്ള സാമ്പത്തിക സമാഹരണത്തിന് കുട്ടികൾ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന് നാടാകെ ആവേശകരമായ പ്രതികരണം
നിർധനനായ സഹപാഠിക്ക് വീട് പണിതു നൽകാനുള്ള സാമ്പത്തിക സമാഹരണത്തിന് കുട്ടികൾ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന് നാടാകെ ആവേശകരമായ പ്രതികരണം. ഉപ്പുതറ സെയിൻ്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്. എസ് യൂണിറ്റിലെ കുട്ടികൾ കയറിയിറങ്ങിയ എല്ലാ ഇടങ്ങളിലും നല്ല രീതിയിലുള്ള സ്വീകരണമാണ് കിട്ടിയത്.എൻ.എസ്. എസ് കുട്ടികൾ പൂർണമായും നിർമിച്ചു നൽകുന്ന അഞ്ചാമത്തെ വീടാണിത്.
വീടിന്റെ ചിലവിലേക്കാണ് കുട്ടികൾ ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത്. 6. 5 ലക്ഷം രൂപ എസ്റ്റിമേറ്റിലാണ് പുതിയസ്നേഹ വീടിന്റെ നിർമാണം നടക്കുന്നത്. അവസാന ഘട്ടത്തിലാണെങ്കിലും വലിയ സാമ്പത്തിക ബാധ്യതയിലാണ് എൻ. എസ്. എസ് യൂണിറ്റ്. വീട് പൂർത്തീകരിക്കാൻ ഇനിയും 1.75 ലക്ഷം രൂപ കൂടി കണ്ടെത്തണം. ഇതിനു വേണ്ടിയാണ് കുട്ടികളുടെ ശ്രമം. രണ്ടാഴ്ചയിലെ പ്രവർത്തനം കൊണ്ട് 2100 ബിരിയാണിക്കുള്ള ഓർഡർ കുട്ടികൾക്ക് കിട്ടിക്കഴിഞ്ഞു. ചൊവ്വാഴ്‌ചയാണ് ബിരിയാണി ചലഞ്ച്.
ഒരു ബിരിയാണിക്ക് 150 രൂപ നിരക്കിൽ ചൊവ്വാഴ്‌ച ഉച്ചക്ക് വീട്ടിലും, സ്ഥാപനത്തിലും കുട്ടികൾ എത്തിച്ചു നൽകും. പ്രിൻസിപ്പാൾ ജീമോൻ ജേക്കബ്,പ്രോഗ്രാം ഓഫീസർ ലാലി സെബാസ്റ്റ്യൻ,കൺവീനർ സജിൻ സ്‌കറിയ എന്നിവരുടെ മേൽ നോട്ടത്തിലാണ് എൻ. എസ്. എസ് യൂണിറ്റിൻ്റെൻ്റെ ബിരിയാണി ചലഞ്ച് പുരോഗമിക്കുന്നത്. അനന്ദു കൃഷ്‌ണൻ, റോയിസ്, നിത്യ R ഗോവിന്ദ്, റൈഹ റീബായ്, എൽസ ബോസ്കോ ജോസ്, ജെന്നിഫർ വർഗീസ്, അർച്ചന അനിൽ എന്നിവർ നേതൃത്വം നൽകി