ഗവർണറാണ് ഇടുക്കിയിൽ കർഷകരെ ദ്രോഹിച്ചത്, ഡീൻ കുര്യാക്കോസ് അതിന് കൂട്ട് നിന്നു: എം വി ഗോവിന്ദൻ


ഇടുക്കി : ഇടുക്കിയിൽ തിരഞ്ഞെടുപ്പ് പോര് മുറുകുന്നതിനിടെ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടുക്കിയിലെ കർഷകർക്ക് വേണ്ടി സസ്ഥാന സർക്കാർ ഒന്നും ചെയ്തില്ലെന്നായിരുന്നു ഡീൻ കുര്യാക്കോസിന്റെ ആരോപണം. എന്നാൽ സംസ്ഥാന സർക്കാർ വിഷയത്തിലെടുക്കേണ്ട നടപടികളെല്ലാം പൂർത്തിയാക്കിയെന്നും കർഷകർക്ക് ആശ്വാസം നൽകാൻ കഴിയുന്ന ഭൂ നിയമ ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതാണ് പ്രശ്ന കാരണമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. ഗവർണറെ വെള്ളപൂശാനാണ് യുഡിഎഫ് സ്ഥാനാർഥി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഗവർണർമാരെ നിയമിക്കുമ്പോൾ മുഖ്യമന്ത്രിമാരുമായി കൂടിയാലോചിക്കണം. ആർ എസ് എസിൻ്റെ പ്രതിനിധികളെ യൂണിവേഴ്സിറ്റികളിൽ നിയമിക്കുന്നു. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർ രാജ് കൊണ്ടു വരുന്നെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.
വന്യ മൃഗ നിയമം കൊണ്ടു വന്നത് കോൺഗ്രസാണെന്നും ജന ജീവിതങ്ങളെ പരിഗണിക്കാതെ കൊണ്ട് വന്ന നിയമമായിരുന്നു ഇതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. പരിമിതമായ സാഹചര്യത്തിലും ഒട്ടേറെ ഇടപെടൽ നടത്തി പ്രത്യേക പദ്ധതി രേഖ തയ്യാറാക്കി നൽകിയിട്ടും കേന്ദ്രം ഒരു നിലപാടും സ്വീകരിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ഈ നിലപാടിനെതിരെ ഡീൻ കുര്യാക്കേസ് അടക്കമുള്ള കോൺഗ്രസ് എം പിമാർ മിണ്ടിയിട്ടില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൗരത്വഭേദഗതി നിയമത്തെ കുറിച്ചും എംവി ഗോവിന്ദൻ പാർട്ടി നിലപാട് വ്യക്തമാക്കി. പൗരത്വഭേദഗതി മതരാഷ്ട്രം വേണമെന്ന ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. അതിന് ആദ്യമവർ ഗാന്ധിയെ വെടിവച്ചു കൊന്നു. എന്നാൽ വിഷയത്തിൽ കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണുള്ളത് എന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട ചോദ്യത്തിന് കേരള സ്റ്റോറി മുസ്ലീം വിരുദ്ധമാണ് എന്നായിരുന്നു മറുപടി. കലാമൂല്യമുള്ള ഒരു സിനിമയല്ല അതെന്നും ദൂരദർശൻ വഴി സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചത് മുതൽ ഇടപതുപക്ഷം അതിനെ എതിർക്കുന്നുണ്ടെന്നും രൂപത ഉൾപ്പടെ ഉള്ളവർ അജണ്ടയുടെ ഭാഗമാകുന്നത് ഗൗരവകരമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.