ഇടുക്കിയിൽ കോൺഗ്രസിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം; നിയമ നടപടി സ്വീകരിക്കും


കട്ടപ്പന :കേരള സ്റ്റോറി പ്രദർശിപ്പിച്ചതിന്റെ പേരിൽ ഇടുക്കി രൂപത ആസ്ഥാനത്തേക്ക് കെ .പി .സി .സി .പ്രസിഡന്റ് എം .എം .ഹസന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് കോൺഗ്രസിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന പോസ്റ്റിനു കോൺഗ്രസ് പാർട്ടിയുമായി ബന്ധമില്ലെന്ന് ഇടുക്കി പാർലമെന്റ് മണ്ഡലത്തിൽ കെ .പി .സി .സി .യുടെ ചുമതലയുള്ള കോ -ഓർഡിനേറ്റർ ജെയ്‌സൺ ജോസഫ് ,യു .ഡി .എഫ് .ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ,സി .എം .പി . സംസ്ഥാന സെക്രട്ടറി കെ .സുരേഷ് ബാബു ,കെ .പി .സി .സി .നിർവാഹക സമിതി അംഗം എം .കെ .പുരുഷോത്തമൻ എന്നിവർ അറിയിച്ചു .വ്യാജ പോസ്റ്റിൽ കോൺഗ്രസ് ചിഹ്നമായ കൈപ്പത്തിയും ഐ .എൻ .സി .എന്നും ഉപയോഗിച്ചിട്ടുണ്ട് .ഇക്കാര്യം സംബന്ധിച്ചു കെ ,പി .സി .സി .പ്രസിഡന്റുമായി നേതാക്കൾ ആശയ വിനിമയം നടത്തി .വ്യാജ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു .
മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി നടത്തുന്ന ശ്രമങ്ങൾ നമ്മുടെ നാടിന്റെ മതസൗഹാർദ്ദത്തിന് കോടാലി വെക്കുന്ന നടപടിയാണ്. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേട്ടത്തിന് തരംതാഴ്ന്ന പ്രചരണങ്ങളുമായി ഇറങ്ങിയിരിക്കുന്ന ഛിദ്ര ശക്തികളെ ഒറ്റപ്പെടുത്തണം. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ നേതാക്കളുടെ ജീവൻ ഉൾപ്പെടെ വൻ നഷ്ടങ്ങൾ സഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും മതേതരത്വത്തിൽ അഭിമാനം കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസെന്നും കോൺഗ്രസ് പാർട്ടിയെയും കെപിസിസി പ്രസിഡന്റിനെയും അപകീർത്തിപ്പെടുത്തുന്നതിന് ചില തൽപരകക്ഷികൾ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾക്കെതിരെ പോലീസിലും ഇലക്ഷൻ കമ്മീഷനിലും പരാതി നൽകുമെന്നും നേതാക്കൾ അറിയിച്ചു.
പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കോൺഗ്രസിനും യു .ഡി .എഫിനും അനുകൂലമായി രൂപം കൊണ്ട ജന പിന്തുണയിൽ വിറളി പിടിച്ചവരാണ് വ്യാജ പ്രചാരണത്തിന് പിന്നിലെന്നും നേതാക്കൾ പറഞ്ഞു .