കനത്തചൂടില്‍ കേരളം വെന്തുരുകുന്നു. അടുത്ത നാലുദിവസം പാലക്കാട്, കൊല്ലം ജില്ലകളില്‍ 40 ഡിഗ്രി സെല്‍സ്യസിന് മുകളില്‍ താപനില ഉയര്‍ന്നേക്കാം.
സാധാരണയെക്കാള്‍ രണ്ടുമുതല്‍ നാലുവരെ ഡിഗ്രിസെല്‍സ്യസ് ഉയര്‍ന്നേക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. ചൂടുകൂടുന്നതിന് ആനുപാതികമായി വൈദ്യുതി ഉപഭോഗവും തുടര്‍ച്ചയായി റെക്കോര്‍ഡ് ഭേദിക്കുകയാണ് .വേനല്‍മഴ ചെറിയതോതില്‍പെയ്തെങ്കിലും ചൂടിന് ശമനമില്ല. അടുത്തനാലുദിവസം പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 41 ഉം കൊല്ലത്ത് 40 ഉം ഡിഗ്രി സെല്‍സ്യസ് വരെ ഉയരാം. തൃശൂരില്‍ 39 ഉം കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ 38 ഉം ഡിഗ്രി സെല്‍സ്യസ് വരെയും താപനില ഉയരാം. എറണാകുളം, ആലപ്പുഴ ജില്ലകളിൽ ഉയര്‍ന്ന താപനില37 ഉം തിരുവനന്തപുരം, മലപ്പുറം, കാസര്‍കോഡ് ജില്ലകളിൽ 36 ഉം ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാം.
സാധാരണയെക്കാൾ രണ്ടു മുതല്‍ നാലുവരെ ഡിഗ്രി സെല്‍സ്യസ് ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ,ജനങ്ങള്‍ ശ്രദ്ധിക്കണം. ചൂടുകൂടന്നതിന് ആനുപാതികമായി സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗവും ഉയര്‍ന്നുതന്നെ.രണ്ടുദിവസത്തെ ഇടവേളയ്ക്ക് ശേഷം വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും റെക്കോര്‍ഡ് രേഖപ്പെടുത്തി. ഇന്നലെ സംസ്ഥാനത്തെ ഉപഭോഗം 108.22 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു. വൈദ്യുതി ആവശ്യകത 5364 മെഗാവാട്ട് ആയി. ഈമാസം മൂന്നിന് രേഖപ്പെടുത്തിയ 107.76 ദശലക്ഷം യൂണിറ്റ് എന്ന തോതാണ് മറികടന്നത്. വേനല്‍മഴ ലഭിച്ചതിനാലാണ് വ്യാഴം വെള്ളി ദിവസങ്ങളില്‍ വൈദ്യുതി ഉപയോഗത്തില്‍ നേരിയ കുറവുണ്ടായത്. ഈമാസം ആദ്യമൂന്ന് ദിനങ്ങളിലും വൈദ്യുതി ഉപഭോഗം തുടര്‍ച്ചയായി റെക്കോര്‍ഡ് തിരുത്തിയിരുന്നു.മാര്‍ച്ച് പതിനൊന്നിന് ശേഷം അവധിദിനങ്ങളിലെ ഒഴികെ എല്ലാ ദിവസവും വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളില്‍ തുടരുകയാണ്.