ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് സിബി ചേനപ്പാടിയുടെ ശക്തമായ വാദ മുഖങ്ങൾ തുണയായി; കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ രണ്ട് അപരന്മാരുടെയും നോമിനേഷൻ തള്ളി: കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കനത്ത തിരിച്ചടി
കോട്ടയത്ത് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം നടത്തിയ നെറികെട്ട രാഷ്ട്രീയ നീക്കത്തിന് കനത്ത തിരിച്ചടി. യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിനെതിരെ നോമിനേഷൻ കൊടുത്ത രണ്ട് അപര സ്ഥാനാർത്ഥികളുടെയും നോമിനേഷനുകൾ സൂക്ഷ്മ പരിശോധനയിൽ തള്ളിക്കളഞ്ഞു. യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ ഫ്രാൻസിസ് ജോർജ് എന്ന പേരും, ഫ്രാൻസിസ് ഇ ജോർജ് എന്ന പേരും ഉള്ള രണ്ടുപേരാണ് അപരന്മാരായി നോമിനേഷൻ കൊടുത്തത്. ഇതിൽ ഒരാൾ സിപിഎം നേതാവും, മറ്റൊരാൾ കേരള കോൺഗ്രസ് മാണി വിഭാഗം നേതാവുമാണ്.
ഫ്രാൻസിസ് ജോർജിന് ഔദ്യോഗിക ചിഹ്നം ലഭിക്കുവാൻ ഇനിയും ദിവസങ്ങൾ എടുക്കും എന്നതിനാൽ തന്നെ അപരന്മാരുടെ സാന്നിധ്യം യുഡിഎഫ് ക്യാമ്പിന് ആശങ്ക സമ്മാനിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രഗൽഭനായ അഭിഭാഷകനും, കോട്ടയം ഡിസിസി ജനറൽ സെക്രട്ടറിയുമായ സിബി ചേനപ്പാടിയാണ് സൂക്ഷ്മ പരിശോധനയിൽ യുഡിഎഫ് ക്യാമ്പിനെ പ്രതിനിധീകരിച്ച് ഹാജരായത്.