മൂന്നാറിലെ എട്ടുവയസ്സുകാരിയുടെ ഘാതകർ ആര് ?കട്ടപ്പനയിലെ വീട്ടമ്മയെ കൊന്നതാര്? മാവടിയിൽ കണ്ട അസ്ഥികൂടം ആരുടേത്? രാജസ്ഥാൻ പെൺകുട്ടിയെ പീഡിപ്പിച്ചതാര്?; പൊലീസ് ഉത്തരം പറയട്ടെ


വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ അയൽവാസി കൊലപ്പെടുത്തിയ കേസ് പൊലീസ് തെളിയിച്ചത് 4 ദിവസം കൊണ്ടാണ്. എന്നാൽ സമാന സാഹചര്യത്തിൽ മൂന്നാറിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കേസ് ഒരു വർഷമായിട്ടും തെളിഞ്ഞിട്ടില്ല. ഇതുപോലെ ജില്ലയിൽ മൂന്ന് വർഷത്തിനിടെ നടന്ന പല കുറ്റകൃത്യങ്ങളും തെളിയിക്കപ്പെട്ടിട്ടില്ല…
മൂന്നാറിലെ എട്ടുവയസ്സുകാരിയുടെ ഘാതകർ ആര് ?
വണ്ടിപ്പെരിയാറിൽ 6 വയസ്സുകാരി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ പ്രതിയെ ഉടൻ പിടികൂടാൻ പൊലീസിന് കഴിഞ്ഞെങ്കിലും മൂന്നാറിൽ പീഡനത്തിന് ഇരയാവുകയും മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പെൺകുട്ടിയുടെ കേസ് രണ്ട് വർഷമാകാറായിട്ടും ചുരുളഴിഞ്ഞില്ല. 2019 സെപ്റ്റംബർ 9 നാണ് കണ്ണൻ ദേവൻ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് അപ്പർ ഡിവിഷനിൽ പാണ്ടിയമ്മാളിന്റെ മകളും മൂന്നാം ക്ലാസ് വിദ്യാർഥിയുമായ 8 വയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
കയർ കഴുത്തിൽ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം. അപകട മരണമാണെന്നാണ് ആദ്യം കരുതിയതെങ്കിലും പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടി പല തവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയതോടെയാണ് കൊലപാതക സാധ്യതയിലേക്ക് വിരൽ ചൂണ്ടിയത്. ജില്ലാ പൊലീസ് മേധാവി സ്ഥലം സന്ദർശിക്കുകയും ബന്ധുക്കളെ ചോദ്യം ചെയ്യുകയും ചെയ്തു.
തുടർന്ന് മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി. സംഘം ഗുണ്ടുമല എസ്റ്റേറ്റിൽ ക്യാംപ് ഓഫിസ് തുറന്ന് അന്വേഷണം തുടങ്ങുകയും ചെയ്തു. ആദ്യമൊക്കെ ഉഷാറായി നടന്ന അന്വേഷണം ഇപ്പോൾ പൂർണമായി നിലച്ച നിലയിലാണ്. പരാതി പറയാനോ അന്വേഷണത്തിന് സമ്മർദം ചെലുത്താനോ കുട്ടിയുടെ ബന്ധുക്കൾ തയാറാകാതിരുന്നതും അന്വേഷണം നിലയ്ക്കാൻ കാരണമാണ്.
കട്ടപ്പനയിലെ വീട്ടമ്മയെ കൊന്നതാര്?
കൊച്ചുതോവാള കൊച്ചുപുരയ്ക്കൽ താഴത്ത് കെ.പി.ജോർജിന്റെ ഭാര്യ ചിന്നമ്മ(63) കൊല്ലപ്പെട്ടിട്ട് 3 മാസമായിട്ടും പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിക്കാതെ പൊലീസ്. ഏപ്രിൽ 8ന് പുലർച്ചെയാണ് വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറിയിൽ കട്ടിലിൽ നിന്നു വീണ നിലയിൽ ചിന്നമ്മയെ കണ്ടെത്തിയത്. തുടർന്നു നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ശ്വാസം മുട്ടിയാണ് മരണമെന്നു വ്യക്തമായത്.
താൻ മുകളിലെ നിലയിലെ മുറിയിലാണ് ഉറങ്ങാൻ കിടന്നതെന്നും പുലർച്ചെ താഴത്തെ നിലയിൽ എത്തിയപ്പോഴാണ് ഇതു കണ്ടതെന്നുമാണ് ഭർത്താവ് ജോർജിന്റെ മൊഴി. ചിന്നമ്മ ധരിച്ചിരുന്ന 4 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും ജോർജ് മൊഴി നൽകിയിരുന്നു. വിരലടയാള വിദഗ്ധരും പൊലീസ് നായയും സ്ഥലത്തെത്തിയിട്ടും കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ല.
മേഖലയിലെ സിസിടിവികൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. കാര്യമായ തെളിവുകൾ ഒന്നും ലഭിക്കാതെ വന്നതോടെ ഭർത്താവിനെ നുണപരിശോധനയ്ക്ക് വിധേയനാക്കാൻ അന്വേഷണ സംഘത്തിന് കോടതി അനുമതി നൽകിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിമൂലം നുണപരിശോധനയ്ക്കു വിധേയനാക്കാനുള്ള നടപടികൾ നീളുകയാണ്.
മാവടിയിൽ കണ്ട അസ്ഥികൂടം ആരുടേത്?
കമ്പികൊണ്ട് ചുറ്റി കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ അസ്ഥികൂടത്തിനു ചുറ്റും 2 വർഷമായി കറങ്ങുകയാണ് പൊലീസ്. മാവടി നാൽപതേക്കറിൽ അസ്ഥി കൂടം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അസ്വഭാവിക മരണത്തിനു പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങിയിട്ട് 2 വർഷം പിന്നിട്ടു.
കൊലപാതകമെന്ന് സംശയത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. 2019 സെപ്റ്റംബറിൽ പ്രദേശത്ത് നിന്നും കാണാതായ വ്യക്തിയുടെ അസ്ഥികൂടമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ അസ്ഥികൂടം പ്രദേശവാസിയുടെതെന്ന് സ്ഥിരീകരിക്കാൻ പൊലീസ് തയാറായിട്ടില്ല.
രാജസ്ഥാൻ പെൺകുട്ടിയെ പീഡിപ്പിച്ചതാര്?
കുമളിയിൽ ഹോട്ടൽ നടത്തുന്ന രാജസ്ഥാൻ സ്വദേശിയുടെ 14-കാരിയായ മകളെ നവംബർ 7-നാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിന്റെ അന്വേഷണം അട്ടിമറിച്ചതിന്റെ പേരിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കുമളി എസ്ഐ പ്രശാന്ത് പി. നായർ ഉൾപ്പെടെ 3 പേരെ അടുത്ത ദിവസമാണ് സസ്പെപെൻഡ് ചെയ്തത്. പിതാവ് സ്വദേശത്തേക്ക് പോയ സമയത്താണ് സംഭവം.
അമ്മയും മകളും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് മകൾ മുറിയിൽ കയറി കതകടച്ചുവെന്നും ഒരു ദിവസം കഴിഞ്ഞിട്ടും പുറത്തിറങ്ങാതെ വന്നതോടെ നടത്തിയ പരിശോധനയിലാണ് മകളെ തുങ്ങി മരിച്ച നിലയിൽ കണ്ടതെന്നുമാണ് അമ്മ പൊലീസിനോട് പറഞ്ഞത്. മകൾ മരിച്ച വിവരം ഇവർ രാജസ്ഥാനിലുള്ള ഭർത്താവിനെ അറിയിച്ചു. അയാൾ വിമാനമാർഗം അടുത്ത ദിവസം കുമളിയിലെത്തുന്നതുവരെ വിവരം ഭാര്യ ആരോടും പറഞ്ഞിരുന്നില്ല.
ഇയാൾ എത്തിയ ശേഷമാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നപ്പോൾ കുട്ടി പീഡനത്തിനിരയായിരുന്നു എന്നു വ്യക്തമായി. ഇതിനിടെ മാതാപിതാക്കൾ രാജസ്ഥാനത്തിലേക്ക് പോയി. കേസ് ക്രൈം ഡിറ്റാച്ച്മെന്റാണ് ഇപ്പോൾ അന്വേഷിക്കുന്നത്.