ഇന്ന് ഏപ്രിൽ ഒന്ന്; എങ്ങനെയാണ് വിഡ്ഢി ദിനം ഉണ്ടായത് ?
ഇന്ന് ഏപ്രിൽ ഒന്നാണ്. പറ്റിക്കാനും പറ്റിക്കപ്പെടാനും ഒരു ദിവസം. അതാണ് ഏപ്രിൽ ഫൂൾ ദിനം. അന്താരാഷ്ട്ര മാധ്യമമായ ബി ബി സി പോലും ഈ ദിവസം ചില വ്യാജവാർത്തകൾ സംപ്രേക്ഷണം ചെയ്ത് പ്രേക്ഷകരെ വിഡ്ഢികളാക്കിയ ചരിത്രമുണ്ട്. കാണാം ഏപ്രിൽ ഫൂൾ വിശേഷങ്ങൾ.
സമൂഹ മാധ്യമങ്ങളിൽ വ്യാജവാർത്തകളുടെ പ്രളയകാലമാണിത്. സത്യമറിയാൻ ആളുകൾ വിശ്വാസയോഗ്യമായ മാധ്യമങ്ങളെയാണ് ആശ്രയിക്കാറ്. പക്ഷേ 1957ലെ ഏപ്രിൽ ഫൂൾ ദിനത്തിൽ ബി ബി സി സ്‌പെഗാറ്റി വിളയുന്ന തെക്കൻ സ്വിറ്റ്‌സർലണ്ടിലെ ഒരു മരത്തെപ്പറ്റി ആധികാരികമെന്നോണം ഒരു റിപ്പോർട്ട് നൽകി. ഇറ്റാലിയൻ ഭക്ഷണമായ സ്‌പെഗാറ്റിപ്പെറ്റി ബ്രിട്ടീഷുകാർക്ക് അത്ര അറിവില്ലാത്ത സമയത്തായിരുന്നു സംപ്രേക്ഷണം. ഗോതമ്പുപൊടി ഉപയോഗിച്ചുണ്ടാക്കുന്ന നൂഡിൽസ് പോലൊരു വസ്തുവാണ് സ്‌പെഗാറ്റിയെന്നറിയാതെ, മരത്തിൽ വിളയുന്ന സ്‌പെഗാറ്റികളെപ്പറ്റി അമ്പരന്നിരുന്ന് ബ്രിട്ടീഷുകാർ റിപ്പോർട്ട് കണ്ടു. മരം വളർത്തുന്നതിനെപ്പറ്റി അറിയാൻ പലരും ബിബിസി ഓഫീസിലേക്ക് ഫോൺ ചെയ്തു. 2008ൽ പറക്കുന്ന പെൻഗ്വിനുകളെപ്പറ്റിയുള്ള വാർത്തയും ഏപ്രിൽ ഫൂൾ ദിനത്തിൽ ബിബിസി സംപ്രേക്ഷണം ചെയ്തിരുന്നു. കുസൃതിയ്ക്കായി ചെയ്ത ഈ വാർത്തകൾ വിമർശനത്തിന് വിധേയമാകുകയും ചെയ്തിരുന്നു.
ഏപ്രിൽ ഫൂൾ ദിനത്തിന്റെ ഉത്ഭവത്തെപ്പറ്റി പല കഥകളുമുണ്ടെങ്കിലും കലണ്ടറുമായി ബന്ധപ്പെട്ട കഥയ്ക്കാണ് സ്വീകാര്യത കൂടുതൽ. പോപ് ഗ്രിഗറി പതിമൂന്നാമൻ മാർപ്ാപ്പ അതുവരെ ഉപയോഗിച്ചിരുന്ന ജൂലിയൻ കലണ്ടർ പരിഷ്‌കരിച്ച് ഗ്രിഗോറിയൻ കലണ്ടർ കൊണ്ടുവന്നു. ജൂലിയൻ കലണ്ടർ പ്രകാരം ഏപ്രിൽ ഒന്നിനായിരുന്നു പുതുവത്സരം. ജൂലിയൻ കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറിയപ്പോൾ ജനുവരി ഒന്ന് പുതുവത്സരമായി മാറി. 1582ൽ ഫ്രാൻസിലായിരുന്നു ആ കലണ്ടർ മാറ്റം. പക്ഷേ അക്കാലത്ത് വാർത്താ വിനിമയ ഉപാധികൾ വളരെ കുറവായതിനാൽ കലണ്ടർ പരിഷ്‌കാരം പലരും അറിഞ്ഞില്ല. ജനുവരി ഒന്ന് പുതുവത്സരമാക്കി മാറ്റിയതറിയാതെ പലരും ഏപ്രിൽ ഒന്നിന് തന്നെ പുതുവത്സരം ആഘോഷിച്ചുകൊണ്ടിരുന്നു. മാറ്റം അറിയാതെ പുതുവത്സരം ആഘോഷിച്ച ഇവരെ വിഡ്ഢികളെന്ന് വിളിച്ച് പലരും ആക്ഷേപിച്ചു. അങ്ങനെയാണ് വിഡ്ഢി ദിനം ഉണ്ടായതെന്നാണ് കഥ.
പ്രാങ്കുകളുടെ ഈ കാലത്ത് തമാശകൾ നിർദോഷമായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മറ്റുള്ളവരെ പരിഹസിക്കുകയോ വേദനിപ്പിക്കുകയോ ചെയ്യുന്ന തമാശകൾ ഒഴിവാക്കുകയാണ് നല്ലത്.