വനം വകുപ്പ് ഓഫീസിലെ കഞ്ചാവ് വളർത്തൽ ; അന്വേഷണം വിപുലമാക്കി വനം വിജിലൻസ്
പത്തനംതിട്ട: വനം വകുപ്പ് ഓഫീസിലെ കഞ്ചാവ് വളർത്തലുമായി ബന്ധപ്പെട്ട കേസിൽ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ്റെ സിഡിആര്‍ പരിശോധിക്കും. ഗൂഢാലോചന , വ്യക്തിവിരോധം , ഔദ്യോഗിക പദവി ദുരുപയോഗം എന്നിവയും അന്വേഷണ പരിധിയിൽ കൊണ്ടുവരുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. പ്രാഥമിക റിപ്പോർട്ട് ഉടൻ കൈമാറുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.
എരുമേലി ഫോറസ്റ്റ് സ്റ്റേഷന്‍ പരിസരത്ത് ഗ്രോബാഗുകളിലാണ് കഞ്ചാവ് നട്ടുവളര്‍ത്തിയിരുന്നത്. റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാര്‍ക്കെതിരെ നേരത്തെ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ റസ്‌ക്യൂവര്‍ അജേഷാണ് കഞ്ചാവ് ചെടി വെച്ചു പിടിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. കഞ്ചാവ് നട്ടത് താനാണെന്ന് ദിവസവേതന വാച്ചര്‍ അജേഷ് നേരത്തെ മൊഴി നല്‍കിയിയിരുന്നു. എന്നാൽ റിപ്പോർട്ടിൽ ദുരൂഹത തോന്നിയ വനവകുപ്പ് വിശദമായ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു .
വനം വകുപ്പ് ഓഫീസ് കോമ്പൗണ്ടിൽ പരസ്യമായി ഗ്രോ ബാഗിൽ കഞ്ചാവ് കൃഷി നടത്താൻ ഉദ്യോഗസ്ഥർ ധൈര്യപ്പെടുമോ എന്ന ചോദ്യവും റിപ്പോർട്ടിലെ പൊരുത്തക്കേടുമാണ് വനവകുപ്പിനെ കുഴക്കുന്നത്.