കെജ്‍രിവാളിനെതിരെ എന്താണ് തെളിവ്കേന്ദ്രം ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നു;കെ സി വേണുഗോപാല്‍
ആലപ്പുഴ: ദില്ലി മദ്യനയ അഴിമതി കേസില്‍ കസ്റ്റഡിയിലുള്ള മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ എന്ത് തെളിവാണ് ഉള്ളതെന്ന ചോദ്യമുന്നയിച്ച് എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ സി വേണുഗോപാൽ. കേന്ദ്ര ഏജൻസികൾ ബിജെപിയുടെ പാവകളാണെന്നും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണിപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സീതാറാം കേസരിയുടെ കാലത്തെ കണക്കിന് അന്ന് നടപടിയെടുക്കാതെ ഇപ്പോ നോട്ടീസ് അയക്കുന്നത് എന്ത് അജണ്ടയാണെന്ന് കെ സി വേണുഗോപാൽ ചോദിച്ചു. 2019 ലെ റിട്ടേൺ വൈകിയെന്ന് പറഞ്ഞ് ഇപ്പോഴാണ് നടപടി എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ മത്സരം എൽഡിഎഫും ബിജെപിയും തമ്മിലാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവനയ്ക്കെതിരെയും കെ സി വേണുഗോപാൽ പ്രതികരിച്ചു. കേരളത്തിലെ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. അത് ബിജെപിയും എൽഡിഎഫും ആണെന്ന് പറയുന്നത് ബിജെപിക്ക് വേണ്ടിയിട്ടുള്ള ഏറ്റവും നല്ല പിആർ വർക്ക് ആണെന്ന് കെസി വേണുഗോപാൽ അഭിപ്രായപ്പെട്ടു. അത് പറഞ്ഞിട്ട് പോലും ഇ പി ജയരാജനെതിരെ പാർട്ടിയുടെ ഭാഗത്തുനിന്നും ഒരു പരാമർശവും ഉണ്ടായിട്ടില്ല. ബിജെപി സ്ഥാനാർത്ഥികൾ മികച്ചതാണെന്ന് പറയേണ്ടത് എൽഡിഎഫ് കൺവീനർ ആണോ എന്നും വേണുഗോപാൽ ചോദിച്ചു.
ബിനാമി ഇടപാടിലൂടെ വേണുഗോപാല്‍ 1000 കോടിയോളം രൂപ സമ്പാദിച്ചുവെന്ന ശോഭ സുരേന്ദ്രന്റെ ആരോപണത്തിൽ അദ്ദേഹം വീണ്ടും പ്രതികരിച്ചു. തനിക്കെതിരെ തെളിവ് ഉണ്ടെങ്കിൽ ശോഭയോട് ഹാജരാക്കാൻപറയണം. അവരാണല്ലോ കേന്ദ്രം ഭരിക്കുന്നത് എന്നും കെസി പരിഹസിച്ചു. രാജസ്ഥാനിലെ മുന്‍ മൈനിങ്ങ് ഡിപ്പാർട്ട്മെൻ്റ് മന്ത്രി കിഷോറാം ഓലയുടെ സഹായത്തോടെ കേരളത്തിലെ ധാതുക്കളെല്ലാം കവർന്നെടുത്ത് വേണുഗോപാല്‍ കോടികൾ ഉണ്ടാക്കിയെന്നായിരുന്നു ശോഭാ സുരേന്ദ്രൻ്റെ ആരോപണം.
കിഷോറാം ഓലയും കെ സി വേണുഗോപാലും ചേർന്ന് അന്താരാഷ്ട്രതലത്തിൽ പല തരത്തിലുള്ള ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും അവര്‍ ആരോപിച്ചു. കിഷോറാം ഓലയുടെ കുടുംബവുമായി ചേർന്ന് ഇപ്പോഴും ബിനാമി പേരിൽ കെ സി വേണുഗോപാൽ ആയിരക്കണക്കിന് കോടികൾ സമ്പാദിക്കുന്നുണ്ട്. അതിലുള്‍പ്പെട്ട ഒരു ചെറിയ ആളാണ് ആലപ്പുഴയിലെ കരിമണൽ കർത്ത. കെ സി വേണുഗോപാൽ പറഞ്ഞിട്ട് കിഷോറാം ഓലയാണ് ആലപ്പുഴയിൽ നിന്ന് കരിമണൽ കയറ്റുമതിക്കുള്ള അനുവാദം കർത്തയ്ക്ക് നേടിക്കൊടുത്തതെന്നും ശോഭ ആരോപിച്ചിരുന്നു. റിപ്പോർട്ടർ അശ്വമേധം പരിപാടിയിൽ കൺസൾട്ടിംഗ് എഡിറ്റർ ഡോ അരുൺ കുമാറിനോട് സംസാരിക്കുമ്പോഴായിരുന്നു ശോഭാ സുരേന്ദ്രൻ്റെ പ്രതികരണം.