കട്ടപ്പനയാറിൽ പോള എന്ന് അറിയപ്പെടുന്ന കുളവാഴ നിറയുന്നു
വേനൽ കടുത്തതോടെ ആറിലെ ജലം വളരെയധികം കുറഞ്ഞിരിക്കുകയാണ്. കുഴികൾ ഉള്ള ഭാഗങ്ങളിലും മറ്റുമാണ് വെള്ളം കെട്ടിക്കിടക്കുന്നത്. കുളിക്കാനും മറ്റുമായി ഒട്ടേറെ ആളുകളാണ് ഈ ജലം ഉപയോഗപ്പെടുത്തുന്നത്. ഇതിനിടെ ഈ വെള്ളത്തിൽ പോള നിറയുന്നത് തിരിച്ചടിയായി മാറിയിരിക്കുകയാണ്.
ശുദ്ധജല പദ്ധതികൾക്കായും ആറിൽ നിന്നുള്ള വെള്ളം ഉപയോഗപ്പെടുത്തുന്നുണ്ട്.
പോള നിറഞ്ഞിരിക്കുന്നത് മാലിന്യം അടിഞ്ഞു കൂടാനും സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനുമുള്ള സാധ്യതയും വർധിപ്പിച്ചിരിക്കുകയാണ്.
മീൻ ഉൾപ്പെടെയുള്ള ജലജീവികൾക്കും ഇത് ഭീഷണിയാകുന്നു.
കായലിൽ ഉപ്പുവെള്ളം കയറുമ്പോൾ പോള ചീഞ്ഞു നശിക്കുമെങ്കിലും ഹൈറേഞ്ചിലെ ആറുകളിലും തോടുകളിലും ഇവ നിറഞ്ഞാൽ നശിക്കാതെ വരുന്നത് കൂടുതൽ മേഖലകളിലേക്കു വ്യാപിക്കാൻ കാരണമാകും.
ജില്ലയിലെ ഭൂരിഭാഗം ആറുകളും തോടുകളുമെല്ലാം ഒഴുകി അണക്കെട്ടുകളിലേക്കാണ് എത്തുന്നത് എന്നതിനാൽ പോള വ്യാപിച്ചാൽ മറ്റു പ്രതിസന്ധികൾക്കു വഴിയൊരുക്കുമെന്ന ആശങ്കയുമുണ്ട്.
2019 മുതലാണ് കട്ടപ്പനയാറിൽ കൂടുതലായി പോള കാണപ്പെടാൻ തുടങ്ങിയത്. ഇതേതുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അവ നീക്കം ചെയ്യാനുള്ള നടപടികളും കൈക്കൊണ്ടിരുന്നു.