ഇന്ത്യൻ മഹാസമുദ്രത്തിലെ ലഹരി വേട്ട; മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് ഇഡി
ഇന്ത്യൻ മഹാസമുദ്രത്തിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് ഇഡി. തമിഴ്‌നാട് സ്വദേശിയായ ജോൺ പോൾ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കലൂർ പിഎംഎൽഎ കോടതി ഏപ്രിൽ രണ്ട് വരെ റിമാൻഡ് ചെയ്തു.
ലഹരിക്കടത്ത് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി തുടർച്ചയായി സമൻസ് നൽകിയെങ്കിലും ജോൺ പോൾ പ്രതികരിച്ചിരുന്നില്ല. തുടർന്ന് പിഎംഎൽഎ പ്രത്യേക കോടതി പുറപ്പെടുവിച്ച വാറണ്ട് പ്രകാരമാണ് പ്രതിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. എൽടിടിഇക്ക് പണം കണ്ടെത്താൻ പ്രധാന പ്രതികൾക്കൊപ്പം ജോൺ പോൾ പ്രവർത്തിച്ചതായി ഇഡി വ്യക്തമാക്കുന്നു. ആയുധക്കടത്തിനും മയക്ക്മരുന്ന് കടത്തിനും ഗൂഡാലോചനയിൽ പങ്കാളിയായെന്നും ആക്ഷേപമുണ്ട്. ആയുധകടത്തിലൂടെ പ്രതികൾ നേടിയ കള്ളപണം നേരത്തെ ഇ.ഡി കണ്ടെത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. 2021 മാർച്ച് മാസത്തിൽ അഞ്ച് എ.കെ 47 തോക്കുകളും 1000 വെടിയുണ്ടകളും 300 കിലോഗ്രാം ഹെറോയിനും സഹിതം 3 ബോട്ടുകൾ മിനിക്കോയ് ദ്വീപ് ഭാഗത്ത് നിന്നും കോസ്റ്റ്ഗാർഡും നാവികസേനയും ചേർന്നു പിടിച്ചെടുത്തതാണ് കേസ്
ഇതിനിടെ ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ലഹരിക്കടത്തിൽ പ്രതികളുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. മൂന്നര കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. പ്രതികൾ തമിഴ് വംശജരായ ശ്രീലങ്കൻ പൗരൻമാരാണ്.