പെരുംതോട്ടിയിൽ യുവ കർഷകന്റെ സ്ഥലം പിടിച്ചെടുത്ത സർക്കാർ നടപടി ഇരട്ട പ്രഹരം : ഡീൻ കുര്യാക്കോസ്
ഇടുക്കി : വാത്തിക്കുടി പഞ്ചായത്തിലെ പെരുംതോട്ടിയിൽ യുവ കർഷകനായ ബിജുമോന്റെ ഭൂമി പിടിച്ചെടുത്ത സർക്കാർ നടപടി ഇരട്ട പ്രഹരമെന്ന് ഡീൻ കുര്യാക്കോസ്. ഭൂമി പിടിച്ചെടുക്കുന്നതിനുള്ള ഹൈക്കോടതി വിധി വന്നപ്പോൾ അതിനെ കർഷകനൊപ്പം നിന്ന് പ്രതിരോധിക്കാൻ സർക്കാരിന് സാധിച്ചില്ല.
വാത്തിക്കുടി പഞ്ചായത്തിൽ സർക്കാർ കുടി ഒഴിപ്പിച്ചു ബോർഡ് സ്ഥാപിച്ച സ്ഥലവും വീടും സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധി ഉണ്ടായപ്പോൾ അതിനെ ഫലപ്രദമായി പ്രതിരോധിക്കുന്ന കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടു. സർക്കാരിന്റെ ഭാഗത്തു നിന്ന് പട്ടയ വ്യവഹാരത്തിൽ കർഷകർക്ക് അനുകൂലമായ തീരുമാനം ഉണ്ടാകാത്തത് ദൗർഭാഗ്യകാരമാണ്.
മുൻപുണ്ടായ ഹൈക്കോടതി വിധി പ്രകാരം ഇടുക്കി ജില്ലയിൽ പട്ടയം നൽകാൻ സാധിക്കുന്നില്ല. ഇതിനെതിരെ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം നൽകാൻ പോലും സർക്കാർ തയ്യാറായിട്ടില്ലെന്നത് പ്രതിഷേധാർഹമാണ്.
മറ്റന്നാൾ റിവ്യൂ പെറ്റിഷൻ ഹൈക്കോടതി പരിഗണിക്കുകയാണ്. ഇതിനിടെ കൃഷിക്കാരനെ കുടിയൊഴിപ്പിച്ചു ബോർഡ് സ്ഥാപിച്ച റവന്യു വകുപ്പിന്റെ നടപടി ജനങ്ങളോടൊപ്പം നിന്ന് കൊണ്ട് പ്രതിരോധിക്കുമെന്ന് ഡീൻ പറഞ്ഞു.
ഒരു കുടിയേറ്റക്കാരനെയും കൈവശഭൂമിയിൽ നിന്നും പുറത്തിറക്കി വിടാനുള്ള നടപടിയോട് യോജിക്കുന്നില്ല. ഈ കാര്യത്തിൽ കോടതിയും സർക്കാരും കർഷകനോട് നീതി കാണിക്കുകയും കർഷകന്റെ കൈവശമുള്ള ഭൂമിക്ക് പട്ടയം നൽകുന്ന നടപടികൾ സ്വീകരിക്കണമെന്നും ഡീൻ ആവശ്യപ്പെട്ടു.