കട്ടപ്പനയിലെ ഇരട്ട കൊലപാതകം ; മുഖ്യപ്രതി നിതീഷിന്റെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
വയോധികനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പുത്തൻപുരയ്ക്കൽ നിതീഷിൻ്റെ പൊലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നവജാത ശിശുവിൻ്റെ മൃതദേഹാവശിഷ്ട്‌ടം കണ്ടെത്താൻ കഴിയാത്തതിനാൽ ഇയാളുടെ കസ്റ്റഡി കാലാവധി കോടതി ദീർഘിപ്പിച്ചു നൽകിയിരുന്നെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല.
ഇയാൾ പലതവണ മൊഴി മാറ്റിപ്പറഞ്ഞതിനാൽ കേസിലെ മറ്റ് പ്രതികളായ വിജയന്റെ ഭാര്യ സുമ, മകൻ വിഷ്‌ണു എന്നിവരുടെ കൂടി സാന്നിധ്യത്തിൽ ചോദ്യം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. മോഷണശ്രമത്തിനിടെ പരുക്കേറ്റ വിഷ്ണു റിമാൻഡിലാണെങ്കിലും ചികിത്സയ്ക്കായി പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതിനാൽ പൊലീസ് കസ്റ്റഡിയിൽ ലഭിച്ചിട്ടില്ല.
നിതീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയശേഷം വിഷ്‌ണുവിനെ കസ്റ്റഡിയിൽ ലഭിക്കുമ്പോൾ വീണ്ടും ഇയാളെക്കൂടി കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്താനായിരിക്കും പൊലീസിൻ്റെ നീക്കമെന്നാണ് സൂചന.