നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് വിവാദം: അച്ചടക്ക നടപടി നേരിട്ട അധ്യാപകനെ പ്രിൻസിപ്പലാക്കാൻ തീരുമാനം
മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് ഉൾപ്പെട്ട വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അച്ചടക്ക നടപടി നേരിട്ട അധ്യാപകന് പ്രിൻസിപ്പലിൻ്റെ ചുമതല നൽകാൻ നീക്കം. എംഎസ്എം കോളജിലെ മുൻ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹക്ക് വീണ്ടും ചുമതല നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. പ്രിൻസിപ്പലിൻ്റെ പൂർണ ചുമതല നൽകുന്ന ഫയൽ ഇന്നത്തെ സിൻഡിക്കേറ്റ് ചർച്ച ചെയ്യും. കഴിഞ്ഞദിവസം ചേർന്ന് സിൻഡിക്കേറ്റ് ഉപ-സമിതി ഫയലിന് അംഗീകാരം നൽകിയിരുന്നു.
കായംകുളം എംഎസ്എം കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു നിഖില്‍ തോമസ്. പരീക്ഷ പാസാകാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളജില്‍ എംകോമിന് ചേര്‍ന്നതാണ് വിവാദത്തിന് വഴിവച്ചത്. നിഖിലിന്റെ ബികോം സർട്ടിഫിക്കറ്റ് വ്യാജമാണെന്ന ആരോപണവുമായി എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ വിദ്യാർഥിനിയായിരുന്നു രംഗത്തെത്തിയത്. സർട്ടിഫിക്കറ്റ് വിവാദത്തിൽ വീഴ്ചയുണ്ടായി എന്ന് കണ്ടെത്തിയതിനാണ് മുഹമ്മദ് താഹ അച്ചടക്ക നടപടി നേരിട്ടത്.