‘സഖാക്കള്‍ ആകെ അങ്കലാപ്പിലാണ്, അതിനിടയില്‍ പാട്ടുകൂടി വേണ്ടാന്ന് പറഞ്ഞിട്ടുണ്ട്’; പാട്ടുപാടി പ്രചാരണവുമായി രമ്യ ഹരിദാസ്
ആലത്തൂരിൽ പാട്ട് പാടി പ്രചാരണം നടത്തരുതെന്ന് കോണ്‍ഗ്രസ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന വാര്‍ത്തയോട് പ്രതികരിച്ച് സിറ്റിംഗ് എംപിയും ആലത്തൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. ‘സഖാക്കള്‍ ആകെ അങ്കലാപ്പിലാണ്. അതിനിടയില്‍ പാട്ടുകൂടി വേണ്ടാന്ന് പറഞ്ഞിട്ടുണ്ട്’, എന്ന അടിക്കുറിപ്പോടെ ചെണ്ടമേളത്തിനൊപ്പം പാട്ടുപാടുന്ന വിഡിയോ രമ്യ ഫേസ്ബുക്കില്‍ പങ്കുവെച്ചു.
താന്‍ പാട്ടുപാടി തന്നെയാണ് പ്രചാരണം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടുന്നതാണ് രമ്യ പങ്കുവെച്ച വിഡിയോ.നാടൻപാട്ട് മുതൽ നാടകഗാനം വരെ താൻ പാടുമെന്നാണ് രമ്യ പറയുന്നത്. പാട്ട് പാടുന്നില്ലെന്ന ട്രോളുകൾ വന്നു തുടങ്ങിയതിനു തൊട്ടു പിന്നാലെ രമ്യാ ഹരിദാസ് പ്രചാരണപരിപാടികളിൽ പാടാൻ തുടങ്ങി.
കഴിഞ്ഞദിവസം രാജ്ഘട്ടിൽ ബാപ്പുജി എന്ന് തുടങ്ങുന്ന ഗാനം രമ്യ പാടി. അതെസമയം ആലത്തൂരിൽ രമ്യക്ക് മത്സരം കടുക്കുമെന്നാണ് കരുതേണ്ടത്. കാർഷിക മേഖലയായ ആലത്തൂരിൽ നെൽകർഷകർക്ക് നെല്ലെടുപ്പിന്റെ പൈസ മുടങ്ങിയതും മറ്റും പ്രചാരണായുധമാക്കും.
വെള്ളം ലഭിക്കാതെ കരിഞ്ഞുണങ്ങിയ നെല്പാടത്തിന് കർഷകർ തീയിട്ട പൊൽപുള്ളിയിലെ പാടങ്ങൾ കഴിഞ്ഞദിവസം രമ്യാ ഹരിദാസ് സന്ദർശിച്ചിരുന്നു. ആലത്തൂരിലെ നെൽകർഷകർക്കും പാക്കേജ് വേണമെന്ന് നിരന്തരം കേന്ദ്രസർക്കാരിൽ ആവശ്യപ്പെട്ടിട്ടും പാർലമെന്റിൽ ഉന്നയിച്ചിട്ടും കാര്യമുണ്ടായില്ലെന്ന് രമ്യ പറഞ്ഞു.