കലോത്സവ കോഴ ആരോപണം; മുൻകൂർ ജാമ്യ ഹർജിയുമായി നൃത്ത പരിശീലകർ
കേരള യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ കോഴ ആരോപണത്തിൽ മുൻകൂർ ജാമ്യ ഹർജിയുമായി നൃത്ത പരിശീലകർ ഹൈക്കോടതിയിൽ. ജോമെറ്റ് മൈക്കിൾ, സൂരജ് എന്നിവരാണ് ഹർജി നൽകിയത്. പരാതിക്ക് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമാണെന്നാണ് നൃത്ത അധ്യാപകരുടെ ആരോപണം. പൊലീസ് തങ്ങളെ അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും അധ്യാപകർ ചൂണ്ടിക്കാട്ടി. ( dance teachers move anticipatory bail plea )
യൂണിവേഴ്‌സിറ്റി കലോത്സവത്തിലെ മാർഗം കളിയിൽ ഒന്നാം സ്ഥാനം നേടിയത് തങ്ങൾ പരിശീലിപ്പിച്ച ടീമിനാണ്. വിധികർത്താവിന് തങ്ങൾ കോഴ നൽകിയിട്ടില്ലെന്നും ആരോപണം പൊലീസ് കെട്ടിച്ചമച്ചതാണെന്നും അധ്യാപകർ പറയുന്നു. മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പുണ്ടാകുന്നതുവരെ അറസ്റ്റ് തടയണമെന്നാണ് അധ്യാപകരുടെ ആവശ്യം. കൺന്റോൺമെന്റ് പൊലീസ് നൃത്താധ്യാപകർക്ക് ഹാജരാകാൻ നോട്ടിസ് നൽകിയിട്ടുണ്ട്.
അതിനിടെ കോഴ ആരോപണത്തിൽ മകനെ കുടുക്കിയതെന്ന് ജീവനൊടുക്കിയതാണെന്നാണ് വിധികർത്താവ് ഷാജിയുടെ മാതാവ് ലളിത പറഞ്ഞത്. പണം വാങ്ങിയിട്ടില്ലെന്ന് മകൻ കരഞ്ഞ് പറഞ്ഞുവെന്നും ആരോ തന്നെ കുടുക്കിയതാണെന്നും ഷാജി പറഞ്ഞതായി അമ്മ പറഞ്ഞു. മൂന്ന് ദിവസവും ഇത് തന്നെയാണ് ആവർത്തിച്ചത്.
‘കോഴ ഒക്കെ വാങ്ങുന്നയാണെങ്കിൽ കൂര ഇങ്ങനെയാകുമോ മക്കളേ ? നയിച്ചിട്ട് കിട്ടിയ പൈസ കൊണ്ടാണ് ജീവിക്കുന്നത്’ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
മാനസിക സംഘർഷമാണ് ഷാജിയെ തളർത്തിയതെന്ന് സഹോദരൻ അനിൽകുമാറും മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആളുകൾ തന്നെയാണ് ഷാജിയെ കുടുക്കിയതെന്ന് മരിക്കുന്നതിന് മുൻപ് ഷാജി പറഞ്ഞതായി സഹോദരൻ പറഞ്ഞു. എന്നാൽ പേരുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്നും പറഞ്ഞു.
അതേസമയം, ഷാജിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഉച്ചയോടെയാകും പോസ്റ്റ്‌മോർട്ടം. കേരള സർവകലാശാല കലോത്സവത്തിൽ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണം നേരിട്ട ഷാജിയെ ഇന്നലെയാണ് കണ്ണൂർ ചൊവ്വയിലെ വീട്ടിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരപരാധിയാണെന്നും കോഴ വാങ്ങിയിട്ടില്ലെന്നും രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പിന്നിൽ കളിച്ചവരെ ദൈവം രക്ഷിക്കട്ടെയെന്നും കുറിപ്പിൽ പരാമർശമുണ്ട്.