അഞ്ച് വര്‍ഷം കൊണ്ട് 100 പാലങ്ങളെന്ന ലക്ഷ്യം രണ്ടേ മുക്കാല്‍ വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ചു: മന്ത്രി മുഹമ്മദ് റിയാസ്
അഞ്ച് വര്‍ഷം കൊണ്ട് 100 പാലങ്ങളെന്ന ലക്ഷ്യം രണ്ടേ മുക്കാല്‍ വര്‍ഷം കൊണ്ട് പൂര്‍ത്തീകരിച്ചു: മന്ത്രി മുഹമ്മദ് റിയാസ്
*മ്ലാമല-ശാന്തിപ്പാലം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു
അഞ്ച് വര്‍ഷം കൊണ്ട് 100 പാലങ്ങളെന്ന സംസ്ഥാനസര്‍ക്കാരിന്റെ ലക്ഷ്യം രണ്ടേ മുക്കാല്‍ വര്‍ഷം കൊണ്ട് തന്നെ പൂര്‍ത്തീകരിക്കാനായതായി പൊതുമരാമത്ത്, ടൂറിസം വകുപ്പുമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിര്‍മാണം പൂര്‍ത്തീകരിച്ച മ്ലാമല-ശാന്തിപ്പാലം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പശ്ചാത്തല വികസനത്തിലെ അവിഭാജ്യഘടകങ്ങളാണ് പാലങ്ങള്‍. കണക്ടിവിറ്റി വര്‍ധിപ്പിക്കാനും വികസനം സാധ്യമാക്കാനും പാലങ്ങളുടെ നിര്‍മാണം ഒരു പ്രധാന പ്രവര്‍ത്തനമാണ്. ഈ സാഹചര്യത്തിലാണ് പാലങ്ങളുടെ നിര്‍മാണം വേഗത്തിലാക്കുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറഞ്ഞത്. 2016-21 കാലയളവില്‍ ഒട്ടേറെ പാലങ്ങള്‍ നിര്‍മിച്ചതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ പാലങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പുതിയ സംവിധാനം ആരംഭിച്ചത്. ഭരണാനുമതി, സാങ്കേതികാനുമതി, ടെന്‍ഡര്‍, നിര്‍മാണപ്രവര്‍ത്തനം എന്നിവ വേഗത്തിലാക്കുക, സാങ്കേതിക തടസ്സങ്ങള്‍ നീക്കുക തുടങ്ങിയവ നടപ്പിലാക്കി പുതിയ സംവിധാനം എണ്ണയിട്ടയന്ത്രം പോലെ പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇത്രയും പാലങ്ങള്‍ കുറഞ്ഞകാലം കൊണ്ട് പൂര്‍ത്തിയാക്കാനായതെന്ന് മന്ത്രി പറഞ്ഞു.
മ്ലാമല-ശാന്തിപ്പാലം പാലം ടൂറിസം മേഖലയില്‍ വലിയ മാറ്റം സൃഷ്ടിക്കുമെന്നും പ്രദേശത്തിന്റെ പൊതുവായ വികസനത്തിന് ഏറെ ഉപകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ശാന്തിപ്പാലത്ത് സംഘടിപ്പിച്ച പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ വാഴൂര്‍ സോമന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.
അയ്യപ്പന്‍കോവില്‍, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളെ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാര്‍-കുമളി പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. പെരിയാര്‍ നദിയ്ക്കു കുറുകെയുണ്ടായിരുന്ന മ്ലാമല-ശാന്തിപ്പാലം 2018ലെ പ്രളയത്തില്‍ തകര്‍ന്നുപോയിരുന്നു. പ്രദേശത്തെ സാധാരണക്കാരുടെ യാത്രാക്ലേശം പരിഹരിക്കാന്‍ പാലം പുനര്‍നിര്‍മ്മിക്കേണ്ടത് അത്യന്താപേക്ഷിതമായ സാഹചര്യത്തില്‍ 2019-2020 ലെ സംസ്ഥാന ബജറ്റിലാണ് പാലം നിര്‍മിക്കാന്‍ ആദ്യം 20 ലക്ഷം പൊതുമരാമത്തു വകുപ്പിന് അനുവദിച്ചത്. തുടര്‍ന്ന് 2021 ല്‍ ആറ് കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു.
നിര്‍മാണം പൂര്‍ത്തീകരിച്ച പാലത്തില്‍ 26 മീറ്ററിന്റെ രണ്ട് സ്പാനും 28 മീറ്ററിന്റെ ഒരു സ്പാനുമാണുള്ളത്. 7.5 മീറ്റര്‍ ക്യാരിയേജ് വേയും ഇരുവശത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. ഇരുവശത്തും 80 മീ. നീളത്തില്‍ കരിങ്കല്‍ പാര്‍ശ്വഭിത്തിയോടുകൂടി അനുബന്ധ റോഡും നിര്‍മ്മിച്ചിട്ടുണ്ട്. പുതിയപാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ കട്ടപ്പന ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് മ്ലാമല, തേങ്ങാക്കല്‍, വണ്ടിപ്പെരിയാര്‍ പ്രദേശങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും.
ഉദ്ഘാടന ചടങ്ങില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി മാലതി, ത്രിതല തദ്ദേശ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ, സാമൂദായിക പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ സൂസന്‍ സാറ സാമുവല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഷാബു എം ടി സ്വാഗതവും അസിസ്റ്റന്റ് എന്‍ജിനീയര്‍ വിഷ്ണു കൃഷ്ണന്‍ നന്ദിയും പറഞ്ഞു.