ജനമൈത്രി പൊലീസ് ജില്ലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍
ജനമൈത്രി പൊലീസ് ജില്ലയില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍
ജില്ലയില്‍ ജനമൈത്രി പൊലീസ് കൈവരിച്ച നേട്ടങ്ങള്‍ മികച്ചതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ജനമൈത്രി ജില്ലാതല ഉപദേശകസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും ജനമൈത്രി പൊലീസ് ഇടപെടുന്നുണ്ട്. ജനങ്ങള്‍ക്ക് പൊലീസിനോടുള്ള ഭയാനകമായ മനോഭാവം തിരുത്താന്‍ ജനമൈത്രി പൊലീസിന് സാധിച്ചിട്ടുണ്ട്.
ലഹരി ഉപയോഗം, മറ്റ് കുറ്റകൃത്യങ്ങളിലെല്ലാം സൗഹൃദപരമായ ആശയവിനിമയമാണ് ജനമൈത്രിയുടേത്. വിദ്യാലയങ്ങളിലെ എസ് പി സി യൂണിറ്റുകളുടെ പ്രവര്‍ത്തനം വിദ്യാലയങ്ങള്‍ക്ക് പുറമേ വീടുകളിലേക്കും സമൂഹത്തിലേക്കും വ്യാപിച്ചത് വലിയൊരു മാറ്റമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ അധ്യക്ഷത വഹിച്ചു.
കേരള പൊലീസിന്റെ കമ്മ്യൂണിറ്റി പൊലീസിങ് പദ്ധതിയാണ് ‘ജനമൈത്രി സുരക്ഷ പദ്ധതി’. ഇടുക്കി ജില്ലയിലെ 30 പൊലീസ് സ്റ്റേഷനുകളില്‍ ജില്ലാ നോഡല്‍ ഓഫീസറായ അഡിഷണല്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഓരോ പൊലീസ് സ്റ്റേഷനിലും രണ്ട് ജനമൈത്രി ബീറ്റ് ഓഫീസര്‍മാരെ വീതം നിയോഗിച്ചിട്ടുണ്ട്. ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനങ്ങളും ബീറ്റ് ഡ്യൂട്ടിയും ബോധവല്‍ക്കരണ ക്ലാസുകളും പൊലീസ് സ്റ്റേഷന്‍ തല ജാഗ്രത സമിതി മീറ്റിങ്ങുകളും നടക്കുന്നുണ്ട്.
ജില്ലയിലെ മുന്‍പ് ഉണ്ടായിരുന്ന ബീറ്റ് ഡ്യൂട്ടി സിസ്റ്റം പരിഷ്‌കരിച്ച് എം – ബീറ്റ് എന്ന മൊബൈല്‍ അപ്ലിക്കേഷനുപകരം പുതിയ officer.apk എന്ന ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ വഴിയാണ് ബീറ്റ് ഡ്യൂട്ടി നടക്കുന്നത്. ഓരോ പൊലീസ് സ്റ്റേഷന്റെയും അതിര്‍ത്തികള്‍ അടയാളപ്പെടുത്തിയതിനു ശേഷമുള്ള ഒരു ഡ്യൂട്ടി രേഖപ്പെടുത്തല്‍ രീതിയാണിത്. ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികളുടെ മേല്‍വിലാസവും വിശദാംശങ്ങളും ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ മുഖേന ശേഖരിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തുന്നതു ഈ അപ്ലിക്കേഷനിലൂടെയാണ്.
ഒരോ സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന സ്‌കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ജനമൈത്രി പൊലീസ് ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നുണ്ട്.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ടുന്ന പൗരന്മാര്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിനായി പ്രശാന്തി സീനിയര്‍ സിറ്റിസണ്‍ ഹെല്പ് ടെസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.
ജനമൈത്രി പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി അവിടങ്ങളില്‍ ബീറ്റ് ഓഫീസര്‍മാരെ സഹായിക്കുന്നതിനുമായി ജില്ലയില്‍ നിന്നും പരീശീലനം പൂര്‍ത്തിയാക്കിയ നാല് പിങ്ക് പ്രൊട്ടക്ഷന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
ജില്ലയില്‍ വുമണ്‍ സെല്‍ഫ് ഡിഫെന്‍സ് ട്രെയിനിങ് ടീമില്‍ പരിശീലനം ലഭിച്ച നാല് പൊലീസ് ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം ഇടുക്കിയില്‍ നിയമിക്കുകയും അതിന്റെ ഭാഗമായി 59227 സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും, 9027 കോളേജ് വിദ്യാര്‍ഥികള്‍ക്കും, മറ്റ് വിഭാഗങ്ങളിലായി 14559 സ്ത്രീകള്‍ക്കുമായി മൊത്തം 83031 പേര്‍ക്ക് പരിശീലനം നല്‍കിയിട്ടുമുണ്ട്.
യോഗത്തില്‍ എംഎല്‍എമാരായ എം.എം മണി, വാഴൂര്‍ സോമന്‍, എ. രാജ, നര്‍കോട്ടിക് ഡിവൈ.എസ്.പി പയസ ജോര്‍ജ് , ജില്ലാശുചിത്വമിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഭാഗ്യരാജ്, ജില്ലാ കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ മിനി സി. ആര്‍, ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സണ്ണി പൈമ്പിളി, ജില്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന ജോയിന്റ് ഡയറക്ടര്‍ ജ്യോതിലക്ഷ്മി ജെ.എസ്, വിവിധ പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.