വിജയൻ്റെ കൊലപാതകമറിഞ്ഞ ഞെട്ടലിൽ കട്ടപ്പന സാഗര ജംഗ്ഷൻ നിവാസികൾ


വിജയൻ്റെ കൊലപാതകമറിഞ്ഞ ഞെട്ടലിൽ കട്ടപ്പന സാഗര ജംഗ്ഷൻ നിവാസികൾ.കട്ടപ്പനയിലെ ചുമട്ടുതൊഴിലാളിയായിരുന്ന സാഗര ജംഗ്ഷൻ നെല്ലിപ്പള്ളിൽ ഗോവിന്ദൻ്റെ മൂന്നു മക്കളിൽ ഏക മകനാണ് വിജയൻ. ഭാര്യ സുമയും രണ്ടു മക്കളുമായി പശുവളർത്തലും മറ്റുമായി ജീവിച്ചു വന്ന അത്യാവശ്യം സാമ്പത്തികവും ചുറ്റുപാടുമുള്ള കുടുംബത്തെ പറ്റി ഇവിടുത്തെ നാട്ടുകാർക്കും എതിരഭിപ്രായമുണ്ടായിരുന്നില്ല. പിതാവിൻ്റെ മരണ ശേഷം പുരയിടം ഘട്ടംഘട്ടമായി പലപ്പോഴായി വിറ്റ വിജയൻ 2016 കാലഘട്ടത്തിലാണ് വീടുൾപ്പെടെ ഇവിടെ നിന്നും വിറ്റുപോകുന്നത്. ക്ഷീരകർഷനായ വിജയനും കട്ടപ്പനയിൽ അപ്പം ഉണ്ടാക്കി വിൽക്കുന്ന കടയിൽ ജോലിക്കു പോകുന്ന സുമയും മക്കളായ വിഷ്ണുവും വിദ്യയുമടങ്ങുന്നതായിരുന്നു കുടുംബം.കൈക്ക് വിറയലുള്ള മകൾക്ക് ചികിത്സയ്ക്കൊപ്പം പ്രാർത്ഥനയും വേണമെന്ന് സുമയെ തെറ്റിദ്ധരിപ്പിച്ച് കേസിലെ പ്രതിയായ നിതീഷ് ഇവിടെ കയറി കൂടിയതോടെയാണ് ഈ
കുടുംബം നാട്ടുകാരുമായി സഹകരിക്കാതായത്.അന്ധവിശ്വാസം കൂടുതലായതാണ് ഇത്തരത്തിൽ ദുരവസ്ഥയ്ക്ക് കാരണമെന്ന് അയൽവാസികൾ പറയുന്നു. ഈ വീടിനോടു ചേർന്നുള്ള തൊഴുത്തിലാണ് നവജാത ശിശുവിനെ കൊലപ്പെടുത്തി മറവു ചെയ്തതെന്ന വിവരം അറിഞ്ഞതിൻ്റെ ഞെട്ടലിലാണ് നാട്ടുകാർ. കാരണം പെൺകുട്ടി ഗർഭിണി ആയതും കുഞ്ഞു ജനിച്ചതുമൊന്നും ഇവരിൽ കൂടുതൽ പേർക്കും ഇതുവരെ അറിയില്ലായിരുന്നു. കുഞ്ഞു ജനിച്ച വിവരം ചിലരൊക്കെ അറിഞ്ഞു വന്നപ്പോഴേക്കും ഇവർ രായ്ക്കു രായ്മാനം വീട്ടുവിറ്റ് സ്ഥലം വിട്ടു.
ഈ വീട്ടിലിപ്പോൾ വാടകയ്ക്ക് താമസിക്കുന്നവരും കൊലപാതകമറിഞ്ഞ് ഇവിടെ നിന്നും മാറി താമസിക്കാനുള്ള തയ്യാറെടുപ്പിലാണ്.