‘ഇന്ന് മുതൽ 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല’; ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തുമെന്ന് ഗതാഗത മന്ത്രി


ഇന്ന് മുതൽ ഡ്രൈവിങ് ടെസ്റ്റിന് 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ല എന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇന്ന് ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തും. ട്വൻ്റിഫോറിലൂടെ അത് ഉറപ്പുനൽകുന്നു. ഇന്നലെ ഉന്നതതല യോഗം നടന്നിരുന്നു. ഈ വാർത്ത മാധ്യമങ്ങൾക്ക് ചില ഉദ്യോഗസ്ഥർ ചോർത്തിനൽകി. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതിഷേധം നടക്കുന്നത്. പിന്നിൽ ഡ്രൈവിങ് സ്കൂൾ കോക്കസ് ആണെന്നും മന്ത്രി പറഞ്ഞു.
ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് 50 ആക്കി കുറച്ചതിലാണ് പ്രതിഷേധം. ഏപക്ഷീയമായി 50 എണ്ണമാക്കി ചുരുക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യം. ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധത്തിനിടെ ടെസ്റ്റിനെത്തിയവരും പൊലീസുമായി കയ്യാങ്കളിയുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നുമുതൽ 50 പേർക്ക് മാത്രം ടെസ്റ്റ് നടത്താനുള്ള തീരുമാനത്തിലാണ് പ്രതിഷേധം ഇരമ്പുന്നത്. മെയ് ഒന്ന് മുതൽ നടപ്പാക്കുമെന്നറിയിച്ചിരുന്ന പരിഷ്കാരം ഇന്ന് മുന്നറിയിപ്പില്ലാതെ പെട്ടെന്ന് നടത്തിയതിനെതിരെ പ്രതിഷേധം ഉണ്ടാവുകയായിരുന്നു. സ്ലോട്ട് ലഭിച്ച് സ്ഥലത്തെത്തിയവരിൽ പലർക്കും ടെസ്റ്റ് നടത്താൻ സാധിച്ചില്ല. ഇതോടെ ആളുകൾ പ്രതിഷേധിക്കുകയായിരുന്നു.