അവസരം ലഭിച്ചപ്പോഴൊക്കെ രഞ്ജി കളിച്ചിരുന്നു; കിഷനും അയ്യർക്കും സച്ചിന്റെ പരോക്ഷ വിമർശനം
മുംബൈ: ആഭ്യന്തര ക്രിക്കറ്റ് ഒഴിവാക്കി ഐപിഎല്ലിന് തയ്യാറെടുത്ത ഇഷാൻ കിഷനും ശ്രേയസ് അയ്യർക്കും പരോക്ഷ വിമർശനവുമായി ഇന്ത്യൻ ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കർ. അവസരം ലഭിച്ചപ്പോഴെല്ലാം താൻ രഞ്ജി ട്രോഫി കളിച്ചിരുന്നതായി സച്ചിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
രഞ്ജി ട്രോഫി ഫൈനലിൽ എത്തിയ മുംബൈക്ക് അഭിനന്ദനവുമായാണ് സച്ചിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഒരു ഘട്ടത്തിൽ തിരിച്ചടി നേരിട്ട മുംബൈ ശക്തമായി തിരിച്ചുവന്നു. വിദർഭയും മധ്യപ്രദേശും തമ്മിലുള്ള സെമിയും ആവേശകരമായി. തന്റെ കരിയറിൽ എപ്പോഴും മുംബൈയ്ക്ക് വേണ്ടി കളിക്കാൻ ലഭിച്ച അവസരം ആവേശഭരിതമായിരുന്നു.
മുംബൈ ടീമിൽ 7-8 ഇന്ത്യൻ താരങ്ങൾ ഉണ്ടാകും. ദേശീയ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കുമ്പോൾ പുതിയ അറിവുകൾ ലഭിക്കും. ക്രിക്കറ്റിലെ അടിസ്ഥാന സാങ്കേതികത്വങ്ങള്‍ ശരിയാക്കാൻ ലഭിക്കുന്ന അവസരമാണ് ആഭ്യന്തര ക്രിക്കറ്റ്. മികച്ച താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കുമ്പോൾ അവിടെ ആരാധക പിന്തുണയും ലഭിക്കുമെന്നും സച്ചിൻ വ്യക്തമാക്കി.