മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനുമെതിരായ പൊലീസ് നടപടി; ഇന്ന് വൈകിട്ട് കോൺഗ്രസ് പ്രതിഷേധം


മാത്യു കുഴൽനാടൻ എം.എൽ.എക്കും എറണാകുളം ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനുമെതിരെ നടന്ന പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് 5ന് (ഇന്ന്) വൈകിട്ട് പ്രതിഷേധം നടത്തും. ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ പ്രതിഷേധിച്ച മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസിനുമെതിരെയാണ് പൊലീസ് നടപടിയുണ്ടായത്.
ഇന്ന് വൈകിട്ട് ഡി സി.സി കളുടെ നേതൃത്വത്തിൽ ജില്ലാതലത്തിലാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.
കോതമംഗലത്തെ സമരപ്പന്തലിൽ നിന്നാണ് പൊലീസ് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തത്. കാട്ടാന ചവിട്ടി കൊലപ്പെടുത്തിയ ഇന്ദിരയുടെ മൃതദേഹവുമായി പ്രതിഷേധിച്ച കേസിലായിരുന്നു അറസ്റ്റ്. കോതമംഗലത്തെ സമരത്തിൽ ഇരുവർക്കുമെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ വയോധിക മരിച്ച സംഭവത്തിൽ മൃതദേഹവും വഹിച്ചുകൊണ്ട് പ്രതിഷേധിച്ചവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആശുപത്രിയിൽ നിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിനാണ് മാത്യു കുഴൽനാടൻ എംഎൽ എഉൾപ്പടെ കണ്ടാലറിയാവുന്ന 16 പേർക്കെതിരെ കേസ് എടുത്തത്.
ആശുപത്രിയിൽ അക്രമം നടത്തൽ, മൃതദേഹത്തോട് അനാദരം എന്നീ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ്. റോഡ് ഉപരോധിച്ചതിനും ഡീൻ കുര്യാക്കോസ് എം പി, മാത്യു കുഴൽനാടൻ എംഎൽഎ അടക്കമുള്ളവർ പ്രതി പട്ടികയിലുണ്ട്. പ്രതിഷേധത്തിൽ യുഡിഎഫ് നേതാക്കളും പങ്കെടുത്തിരുന്നു. നാട്ടുകാരും നേതാക്കളും ചേർന്ന് പൊലീസിനെ തടയുകയും പൊലീസും കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കു തർക്കമുണ്ടാവുകയുമായിരുന്നു.