വന്യമൃഗങ്ങളുടെ ആക്രമണത്തിൽ തുടർച്ചയായി ജീവൻ പൊലിയുന്നത് അത്യന്തം ദൗർഭാഗ്യകരമാണ്: ഇടുക്കി രൂപത
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ തുടർച്ചയായി ജീവൻ പൊലിയുന്നത് അത്യന്തം ദൗർഭാഗ്യകരമാണ്: ഇടുക്കി രൂപത
മലയോര മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ തുടർച്ചയായി ജീവൻ പൊലിയുന്ന സാഹചര്യം അത്യന്തം ദൗർഭാഗ്യകരമാണ്. ആളുകൾക്ക് തങ്ങളുടെ കൃഷിയിടങ്ങളിൽ പോലും സുരക്ഷിതത്വം ഇല്ലാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. നേര്യമംഗലത്ത് തങ്ങളുടെ കൃഷിയിടത്തിൽ അധ്വാനിക്കുകയായിരുന്ന സ്ത്രീയെയാണ് ഇന്നലെ കാട്ടാന ചവിട്ടിക്കൊന്നത്. ഈ പ്രദേശത്ത് വന്യമൃഗ ശല്യങ്ങൾ ഉണ്ട് എന്ന് വനപാലകരെ അറിയിച്ചിരുന്നതാണ്. എന്നിട്ടും വേണ്ടത്ര സുരക്ഷ നടപടികൾ എടുക്കാത്തത് വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള വീഴ്ചയാണ്. മലയോര ജനതയുടെ ജീവന് സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്നു. ഉത്തരവാദിത്തപ്പെട്ട ആളുകൾ ഈ വിഷയത്തെ ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്.
കാട്ടു മൃഗങ്ങളെ കാട്ടിൽ നിയന്ത്രിക്കാനുള്ള സംവിധാനം ഉണ്ടാകണം. കാട് വിട്ട് മൃഗങ്ങൾ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുന്നതിന്റെ കാരണം പ്രായോഗികമായി കണ്ടെത്തുകയും അതിന് പരിഹാരം ഉണ്ടാകാനുള്ള ശ്രമം നടത്തുകയും വേണം. കഴിഞ്ഞ രണ്ടു മാസത്തിനിടെ കേരളത്തിലെ മലയോര മേഖലകളിൽ വന്യമൃഗങ്ങളുടെ അക്രമത്തിൽ കൊല്ലപ്പെട്ടത് എട്ട് പേരാണ്. സർക്കാരും വനംവകുപ്പും ഈ വിഷയങ്ങളിൽ ഉണർന്ന് പ്രവർത്തിക്കണം.
മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് വില കൽപ്പിക്കുന്ന കപട പരിസ്ഥിതിവാദികൾക്ക് വിധേയപ്പെട്ട് സ്വാർത്ഥ ലാഭത്തിനുവേണ്ടി മൗനം അവലംബിക്കുന്ന രാഷ്ട്രീയ നേതാക്കൾ പൊതുസമൂഹത്തിന് അപമാനകരമാണ്. ഈ സാഹചര്യത്തിൽ വന്യമൃഗങ്ങളിൽ നിന്നും മലയോര ജനതയെ രക്ഷിക്കുവാൻ വാഗ്ദാനങ്ങൾ അപ്പുറം നിയമഭേദഗതികൾ ഉണ്ടാക്കാൻ സത്വര നടപടികൾ സർക്കാരുകൾ എടുക്കണം. ഇനിയും ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം മലയോര പ്രദേശത്ത് ഉണ്ടാകരുത്.കൊല്ലപ്പെട്ട ആളുകളുടെ കുടുംബത്തിനും പരിക്കുപറ്റിയവർക്കുമുള്ള ധനസഹായത്തിൽ വീഴ്ച വരുത്താൻ പാടില്ല. ധനസഹായം പ്രഖ്യാപിച്ചാൽ എല്ലാമായി എന്ന ചിന്തയും നല്ലതല്ല. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ തുടർച്ചയായ കൊലപാതകങ്ങൾ നടക്കുന്നത് ഉത്തരവാദിത്തപ്പെട്ട ഗൗരവത്തോടെ കാണുന്നില്ല എന്നതിന്റെ അടയാളമാണ്.
നഷ്ടപ്പെടുന്ന ജീവനുകളും അനാഥമാക്കപ്പെടുന്ന കുടുംബങ്ങളും സമൂഹത്തിന് എന്നും ഒരു വേദനയാണ്. മലയോര പ്രദേശത്തെ സാധാരണ ജനത്തിന് ഭയം കൂടാതെ ജീവിക്കുന്നതിനുള്ള സാഹചര്യങ്ങൾ ഒരുക്കപ്പെടണം. അതിന് കൃഷിയിടങ്ങളിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങാതെ സൂക്ഷിക്കണം. കാട്ടുമൃഗങ്ങളെ കാട്ടിൽ തന്നെ നിലനിർത്തി കൃഷിയിടങ്ങളും ജനവാസ മേഖലകളും ആളുകൾക്ക് ജീവിക്കുന്നതിനുള്ള സുരക്ഷിത കേന്ദ്രങ്ങൾ ആക്കിയും നിലനിർത്തണം. വന്യമൃഗ ശല്യം സമൂഹത്തെ വലിയ അരാജകത്വത്തിലേക്ക് ആണ് നയിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും കലാപസമാനമായ സമരമുഖങ്ങളിലേക്ക് ജനം എത്തിച്ചേരുന്നു. അവരെയെല്ലാം അടിച്ചമർത്താനുള്ള തന്ത്രങ്ങൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട്. ഇത് നാട്ടിൽ വലിയ അസമാധാനങ്ങൾക്ക് വഴിയൊരുക്കും. അതുകൊണ്ട് ആളുകളുടെ ആശങ്കകൾ മനസ്സിലാക്കി അവരെ സ്വതന്ത്രവും സ്വസ്ഥവും ആയി ജീവിക്കുന്നതിന് വേണ്ട അനു കാലമായ സാഹചര്യങ്ങൾ സംജാതമാക്കണം.
ഫാ. ജിൻസ് കാരയ്ക്കാട്ട്
പി ആർ ഒ, ഡയറക്ടർ മീഡിയാ കമ്മീഷൻ