മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റാം, ഫെബ്രുവരിയിലെ റേഷൻ വിതരണം ഇന്നുകൂടി


ഗുരുതര രോഗ ബാധിതർക്ക് റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന് എല്ലാ മാസവും 19-ാം തീയതി വരെ അപേക്ഷ നൽകാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ പറഞ്ഞു. ഭക്ഷ്യമന്ത്രിയുടെ പ്രതിമാസ ഫോൺ ഇൻ പരിപാടിയിലാണ് ഇക്കാര്യം അറിയിച്ചത്. താലൂക്ക് സപ്ലൈ ഓഫീസുകളിൽ നേരിട്ടാണ് അപേക്ഷ നൽകേണ്ടത്. മറ്റുള്ളവർക്ക് ഓൺലൈനായി അപേക്ഷ വിളിക്കുന്ന അവസരത്തിൽ അപേക്ഷ നൽകാവുന്നതാണ്.
അതേസമയം ഫെബ്രുവരി മാസത്തെ റേഷൻ വിതരണം വെള്ളിയാഴ്ച വരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ. റേഷൻ വ്യാപാരികൾക്ക് മാസംതോറും സ്റ്റോക്ക് അപ്ഡേഷനായി അനുവദിക്കുന്ന അവധി ഇത്തവണ മാർച്ച് രണ്ട് ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു. മാർച്ചിൽ നീല കാർഡുടമകൾക്ക് നിലവിലെ വിഹിതത്തിനു പുറമെ, ഒരു കാർഡിന് നാല് കിലോ അരിയും വെള്ള കാർഡിന് അഞ്ച് കിലോ അരിയും 10.90 രൂപ നിരക്കിൽ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.