വന്യമൃഗശല്യം; മുഖ്യമന്ത്രി നിസംഗത വെടിയണം,
വനം വകുപ്പ് മന്ത്രി രാജി വെയ്ക്കണം: കേരള കര്‍ഷക യൂണിയന്‍


സംസ്ഥാന വ്യാപകമായി കാട്ടാനകള്‍ ഉള്‍പ്പെടെ വന്യജീവികളുടെ ആക്രമണങ്ങള്‍ വര്‍ധിച്ചു വന്നിട്ടും മനുഷ്യജീവനുകള്‍ അപഹരിച്ചിട്ടും മുഖ്യമന്ത്രിയും വനംവകുപ്പ് മന്ത്രിയും കാണിക്കുന്ന നിസംഗമനോഭാവത്തില്‍ കേരളാ കര്‍ഷക യൂണിയന്‍ പ്രതിഷേധം രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ നിസംഗത അവസാനിപ്പിക്കണമെന്നും വനംവകുപ്പ് മന്ത്രി രാജി വെയ്ക്കണമെന്നും കേരളകര്‍ഷക യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മൂന്നാറില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ച സുരേഷ് കുമാറിന്‍റെ വേര്‍പാടില്‍ കര്‍ഷക യൂണിയന്‍ ദുഖം രേഖപ്പെടുത്തി ജനുവരി 23 ന് ഗുണ്ടുമല എസ്റ്റേറ്റില്‍ തമിഴ്നാട് സ്വദേശിയെ ചവിട്ടി കൊന്ന ആന തന്നെയാണ് സുരേഷ് കുമാറിന്‍റെ മരണത്തിനും കൂട്ടുകാരുടെ പരിക്കുകള്‍ക്കും കാരണമായതെന്ന് നാട്ടുകാര്‍ പറയുന്നു. മൂന്നാ
റില്‍ എത്ര ആനകള്‍ ഉണ്ട്, ആനകള്‍ സഞ്ചരിക്കുന്ന വഴികള്‍ ഏതാണ് എന്ന് നിരീക്ഷിക്കാന്‍പോലും വനം വകുപ്പിന് കഴിയുന്നില്ല എന്ന് കര്‍ഷക യൂണിയന്‍ ആരോപിച്ചു. വന്യജീവികള്‍ക്ക് വനങ്ങള്‍ക്കുള്ളില്‍ വസിക്കുന്നതിനാവശ്യമായ സാഹചര്യങ്ങളൊരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ചികിത്സ സൗകര്യങ്ങളുടെ കുറവ് മൂലം വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായാല്‍ ചികിത്സ പോലും ലഭിക്കാതെ മനുഷ്യര്‍ മരിച്ചു വീഴുന്ന അവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. വനാതിര്‍ത്തി മേഖലകളിലുള്ള ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ പ്രത്യേക പദ്ധതി വേണമെന്നും കര്‍ഷക യൂണിയന്‍ ആവശ്യപ്പെട്ടു.
കൃഷി നശിപ്പിക്കുന്ന, മനുഷ്യനെ ഉപദ്രവിക്കുന്ന പന്നിക്കൂട്ടത്തെ ഇല്ലായ്മ ചെയ്യാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്‍കുന്നതിന് പകരം പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പറയുന്ന സര്‍ക്കാര്‍ നിലപാട് കര്‍ഷക വിരുദ്ധമാണ്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും കൃഷിഭൂമിയില്‍ അധ്വാനിക്കാനോ കുട്ടികള്‍ക്ക് സ്കൂളുകളില്‍ പോകാനോ കഴിയാത്ത ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.
മരണം മുന്നില്‍ കണ്ട് ഭയപ്പെട്ട് ജീവിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുമ്പോള്‍ തെരുവിലിറങ്ങേണ്ടി വരുന്ന ജനങ്ങള്‍ക്കെതിരെ കേസെടുത്ത് മാനസികമായി തകര്‍ക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. മാങ്കുളം, സിങ്കുകണ്ടം, മറയൂര്‍, വണ്ടിപ്പെരിയാര്‍, പീരുമേട്, മുള്ളരിങ്ങാട് മേഖലകളിലെ ജനങ്ങള്‍ക്കെതിരെ വനംവകുപ്പ് എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന് കര്‍ഷകയൂണിയന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
സംസ്ഥാന വ്യാപകമായി ജനങ്ങള്‍ നടത്തുന്ന സമരങ്ങള്‍ക്കും ഡീന്‍ കുര്യക്കോസ് എം.പി മൂന്നാറില്‍ ആരംഭിച്ചിട്ടുള്ള സമരത്തിനും കര്‍ഷക യൂണിയന്‍ പിന്തുണ പ്രഖ്യാപിച്ചു.
പത്രസമ്മേളനത്തില്‍ കര്‍ഷകയൂണിയന്‍ ജില്ലാപ്രസിഡണ്ട് ബിനു ജോണ്‍ ഇലവുംമൂട്ടില്‍, സംസ്ഥാന പ്രസിഡണ്ട് വര്‍ഗീസ് വെട്ടിയാങ്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സണ്ണി തെങ്ങുംപള്ളി, സംസ്ഥാന കമ്മറ്റി അംഗം പി.ജി പ്രകാശന്‍ വനിതാ കോണ്‍ഗ്രസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡണ്ട് സെലിന്‍ വിന്‍സെന്‍റ് കേരളാ കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡണ്ട് ഷിജോ ഞവരക്കാട്ട് എന്നിവര്‍ പങ്കെടുത്തു.