മൂന്നാർ കാട്ടാന ആക്രമണം: സംസ്ഥാന സർക്കാർ പ്രത്യേക ധനസഹായം നൽകണം, ബിജെപി
മൂന്നാർ : മൂന്നാർ കണ്ണമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ട സുരേഷിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ കൂടുതൽ ധനസഹായം നൽകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പത്തുലക്ഷം കേന്ദ്ര വനസംരക്ഷണ നിയമപ്രകാരം നൽകുന്നതാണ് . സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നുകൂടി കൂടുതൽ തുക അനുവദിക്കണം. വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ സമ്പൂർണ്ണ പരാജയമാണ്. മനുഷ്യ വന്യജീവി സംഘർഷങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയുള്ള ഫലപ്രദമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരിനോ വനംവകുപ്പിനോ സാധിക്കുന്നില്ല ഇതിനുവേണ്ടി കേന്ദ്രം നൽകുന്ന തുക വിനിയോഗിക്കപ്പെടാതിരിക്കുകയോ വക മാറ്റി ചെലവഴിക്കുകയോ ആണ് ചെയ്യുന്നത്. മൂന്നാർ കന്നിമലയിൽ ഉണ്ടായ സംഭവത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്നും വീഴ്ച സംഭവിച്ചിട്ടുണ്ട്. കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയാൽ നിർദ്ദേശം നൽകുന്നതിന് വേണ്ടിയിട്ടുള്ള സംവിധാനങ്ങൾ ഉണ്ടായിട്ടും സമയത്ത് നിർദ്ദേശം നൽകാനോ അതുവഴിയുള്ള യാത്ര തടസ്സപ്പെടുത്താനോ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടില്ല.
സംഭവ ദിവസം രാവിലെ കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയിട്ടുണ്ട് എന്ന വിവരം ലഭിച്ചിരുന്നിട്ടും ഒരു മനുഷ്യ ജീവൻ രക്ഷിക്കാൻ വനം വകുപ്പിന് ആയില്ല.
കണ്ണമല പ്രദേശത്ത് വന്യജീവികളുടെ സാമിപ്യം ഉണ്ടായാൽ പ്രദേശവാസികളെ അറിയിക്കാനും ആളുകളെ രക്ഷിക്കുന്നതിനും മുൻപന്തിയിൽ ഉണ്ടായിരുന്ന ആളുകൂടിയാണ് മരണപ്പെട്ട മണി എന്നു വിളിക്കുന്ന സുരേഷ് . അന്നേ ദിവസം രാവിലെ ഒരു ചരക്ക്ലോറി ആന തള്ളി മാറ്റുന്ന വീഡിയോ കണ്ണമല പ്രദേശവാസികൾക്ക് സുരേഷ് അയച്ചു നൽകിയിരുന്നു. സ്വന്തം വീടിന്റെ മീറ്ററുകൾ മാത്രം അകലത്തിൽ ഭാര്യക്കും രണ്ടു മക്കൾക്കും മാത്രമല്ല ആ നാടിനാകെ തീരാ വേദന സമ്മാനിച്ച് ഒരു മനുഷ്യ ജീവൻ പൊലിഞ്ഞു പോയതിന് ഉത്തരവാദികളായ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും, വനം വന്യജീവി സംഘർഷം പരിഹരിക്കുന്നതിൽ സമ്പൂർണ്ണ പരാജയമായ വനമന്ത്രി രാജിവെക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു.
മൂന്നാർ ടൗണിലൂടെ പ്രതിഷേധ പ്രകടനവുമായി എത്തിയ പ്രവർത്തകർ മൂന്നാർ ഫോറസ്റ്റ് വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിന് മുൻപിൽ പ്രതിഷേധിച്ചു.
പ്രതിഷേധ ധർണ്ണ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല ഉദ്ഘാടനം ചെയ്തു.
ജനറൽ സെക്രട്ടറി വി എൻ സുരേഷ് , മണ്ഡലം ജനറൽ സെക്രട്ടറി എസ് കന്ദകുമാർ , നേതാക്കളായ പി ചാർലി എസ് കതിരേശൻ, മതിയഴകൻ തുടങ്ങിയവർ സംസാരിച്ചു.
മരണപ്പെട്ട സുരേഷിന്റെ കണ്ണമലയിലെ വീട്ടിലെത്തിയ നേതാക്കൾ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അന്തിമോപചാരമർപ്പിക്കുകയും ചെയ്തു