വനം വകുപ്പ് ഉദ്യോഗസ്ഥരും വന്യമൃഗങ്ങളും
ഒരു പോലെ ഉപദ്രവകാരികളാകുന്നുവെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി
ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കാട്ടുമൃഗങ്ങളാൽ ദാരുണമായി കൊലചെയ്യപ്പെട്ട 900ത്തോളം ആളുകളുടെ കൊലപാതകത്തിൻ്റെയും അത്രയും കുടുംബങ്ങൾ വഴിയാധാരമായതിൻ്റെയും ധാർമിക ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയന്റേത് മാത്രമാണെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
കാര്യങ്ങൾ മനസ്സിലാക്കുന്നതിനുള്ള വിവേചന ശക്തി നഷ്ടപ്പെട്ട ഒരാളെയാണ് വനം വകുപ്പ് മന്ത്രിയാക്കിയിരിക്കുന്നത്.
വനത്തിന് പുറത്തേക്ക് ഉള്ള ജനങ്ങളുടെയും ജീവനും സ്വത്തും സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിൻ്റേതാണ്. വന്യമൃഗങ്ങളുടെ സംരക്ഷണം വനത്തിലും സംരക്ഷിത പ്രദേശങ്ങളിലുമായി പരിമിതപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കണം. മനുഷ്യനെ കൊല്ലുന്ന മൃഗങ്ങളെ വെടിവയ്ക്കുന്നതിനുള്ള ഉത്തരവിടുന്നതിന് ഗവൺമെൻ്റിന് അധികാരം ഉണ്ടായിരുന്നിട്ടും ഗവൺമെന്റ് എന്താണ് അനങ്ങാപ്പാറ നയം സ്വീകരിച്ചിരിക്കുന്ന തെന്ന് വ്യക്തമാക്കണം.
ജീവന് ഭീഷണിയായി വരുന്ന മൃഗത്തെ കൊല്ലുന്ന മനുഷ്യനെ ജയിലിൽ അടയ്ക്കുന്നതിന് ഗവൺമെന്റ് കാണിക്കുന്ന ശുഷ്‌കാന്തി മനുഷ്യനെ കൊല്ലുന്ന മൃഗത്തെ പിടിക്കുന്നതിന് ഗവൺമെൻ്റ് പ്രകടിപ്പിക്കാത്തതിൻ്റെ കാരണം എന്താണന്ന് വ്യക്തമാക്കണമെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു.
1972 വന നിയമത്തിൽ കേരളത്തിന് അനുയോജ്യമല്ലാത്ത വ്യവസ്ഥകൾ നീക്കം ചെയ്യുന്നതിന് കേന്ദ്ര ഗവൺമെൻ്റിൽ സമ്മർദ്ദം ചെലുത്തുവാൻ സംസ്ഥാന ഗവൺമെൻ്റ് തയ്യാറാകണം. വന്യജീവികളുടെ എണ്ണം പരിഗണിക്കാതെ എല്ലാ ജീവികൾക്കും ഒരേപോലെ നിയമ സംരക്ഷണം നൽകുന്നത് അശാസ്ത്രീയമാണ്. വംശനാശഭീഷണി നേരിടുന്ന വന്യജീവികൾക്ക് പരിമിതപ്പെടുത്തണം. വന്യമൃഗങ്ങളുടെ മാത്രമായി സംരക്ഷണം നിയന്ത്രിക്കാൻ നിയന്ത്രിത വേട്ട അനുവദിക്കണം. വന്യജീവികളെ നേരിടുന്നതിനുള്ള തോക്കുകളുടെ ലൈസൻസ് അടിയന്തരമായി നൽകണം.
റവന്യൂ ഭൂമിയും മറ്റ് ഗവൺമെൻ്റ് സ്ഥലങ്ങളും വനഭൂമിയായി മാറ്റിക്കൊണ്ടുള്ള ഉത്തരവുകൾ പിൻവലിക്കുകയും ഇത്തരം നടപടികൾ അവസാനിപ്പിക്കുകയും ചെയ്യണം. വന്യജീവികളും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഇടുക്കിയിലെ ജനങ്ങൾക്ക് ഒരേപോലെ ഭീഷണിയായിരിക്കുകയാണ്. ഇനിയും ഒരാളുടെ ജീവൻ പോലും നഷ്‌ടപ്പെടുവാൻ ഇടയാക്കാതെ ഉപദ്രവകാരികളായ മൃഗങ്ങളെ വെടിവയ്ക്കുവാൻ ഗവൺമെന്റ്
ഉത്തരവിറക്കണമെന്നും
അദ്ദേഹം ആവശ്യപ്പെട്ടു.
വാർത്ത സമ്മേളനത്തിൽ UDF കട്ടപ്പന മണ്ഡലം കൺവീനർ ജോയി കുടക്കച്ചിറയും പങ്കെടുത്തു