പ്രവർത്തിയിലൂടെയുള്ള വിശ്വാസ പ്രഘോഷണമാണ് ദൈവിക പ്രീതിക്ക് ആധാരം :ഫാ. ഡൊമിനിക് വാളൻമനാൽ
പ്രവർത്തിയിലൂടെയുള്ള വിശ്വാസ പ്രഘോഷണമാണ് ദൈവിക പ്രീതിക്ക് ആധാരമെന്ന് ഫാ. ഡൊമിനിക് വാളൻമനാൽ. ഇരട്ടയാറിൽ നടന്ന ഇടുക്കി രൂപത ബൈബിൾ കൺവെൻഷന്റെ സമാപനദിവസം സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പ്രവർത്തിയിൽ എത്താത്ത ആത്മീയതയ്ക്ക് ജീവനില്ല. ദൈവത്തോട് ചേർന്ന് ജീവിക്കുന്നവർക്ക് മനുഷ്യരോടും ചേർന്നിരിക്കാതിരിക്കാൻ കഴിയില്ല. വിശക്കുന്നവന് ഭക്ഷണം നൽകുന്നതും ഭവനമില്ലാത്തവന് ഭവനം നിർമ്മിക്കാൻ സഹായിക്കുന്നതും സങ്കടപ്പെടുന്നവരെ ആശ്വസിപ്പിക്കുന്നതും രോഗികളെ സന്ദർശിക്കുന്നതുമൊക ദൈവത്തെ പ്രീതിപ്പെടുത്തുന്ന പ്രവർത്തിയാണ്. സഹായം അർഹിക്കുന്ന വ്യക്തികൾക്ക് നമ്മളാൽ ആവുന്ന വിധത്തിലുള്ള സഹായങ്ങൾ നൽകുവാൻ നാം തയ്യാറാകണം. സഹായം അർഹിക്കുന്നവരോട് കാണിക്കുന്ന അവഗണന വലിയ പാപമാണന്നാണ് വിശുദ്ധ ഗ്രന്ഥം പഠിപ്പിക്കുന്നത്. നമ്മുടെ ആത്മീയതയ്ക്ക് ജീവൻ ഉണ്ടാകണമെങ്കിൽ പ്രവർത്തികളിൽ നന്മയുണ്ടാകണം. നോമ്പിന്റെ ദിനങ്ങൾ നന്മകൾ നിറയാനുള്ള ദിനങ്ങളാണ്. നോമ്പും ഉപവാസവും ദാനധർമ്മവും നമ്മെ തിന്മയിൽ നിന്നകറ്റുകയും ദൈവത്തോട് ചേരാൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ദൈവാനുഭവം പ്രവർത്തിയിൽ നിറഞ്ഞ് നല്ല മനുഷ്യത്വമുള്ളവരായി മാറുമ്പോഴാണ് നമ്മൾ ആത്മീയ മനുഷ്യരാകുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അഞ്ചു ദിവസങ്ങളിലായി ഇരട്ടയാറിൽ നടന്ന ഇടുക്കി രൂപത ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിച്ചു. അണക്കര മരിയൻ ധ്യാനകേന്ദ്ര ഡയറക്ടർ ഫാ. ഡൊമിനിക്ക് വാളൻമനാൽ ആണ് കൺവെൻഷൻ നയിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇരട്ടയാറിൽ എത്തിച്ചേർന്നത്. വിശ്വാസികൾക്ക് കുമ്പസാരത്തിനും കൗൺസിലിങ്ങിനും പ്രത്യേക സൗകര്യങ്ങൾ ക്രമീകരിച്ചിരുന്നു. ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കലിന്റെ നേതൃത്വത്തിൽ നിരവധി പേരാണ് കൺവെൻഷൻ വിജയത്തിനായി പ്രവർത്തിച്ചത്. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ സമാപന സന്ദേശം നൽകി. രൂപതാ ബൈബിൾ കൺവെൻഷൻ നോമ്പിന്റെ ഈ വിശുദ്ധമായ ദിനങ്ങളിൽ രൂപതയ്ക്ക് ആകമാനം ആത്മീയ ഉണർവ് സമ്മാനിച്ചു എന്ന് അദ്ദേഹം പറഞ്ഞു. മോൺ. ജോസ് പ്ലാച്ചിക്കൽ,മോൺ. അബ്രാഹം പുറയാറ്റ്, ആർച്ച് പ്രീസ്റ്റ് ജെയിംസ് ശൗര്യംകുഴിയിൽ, ഫാ.തോമസ് മണിയാട്ട്, ഫാ.ജോസ് മാറാട്ടിൽ, ഫാ. ജിതിൻ പാറക്കൽ, ഫാ. അമൽ ഞാവള്ളിക്കുന്നേൽ, എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.