പട്ടാപകൽ തൊടുപുഴ നഗരമധ്യത്തിലെ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ കോളേജ് വിദ്യാർത്ഥിനിയെ മർദിച്ചു; കൂടെയത്തിയ സഹപാഠികൾക്കും ക്രൂര മർദ്ദനമേറ്റു
പട്ടാപകൽ തൊടുപുഴ നഗരമധ്യത്തിലെ
റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയ കോളേജ് വിദ്യാർത്ഥിനിയെ തടഞ്ഞ് വച്ച് അപമാനിച്ച ശേഷം മർദ്ദിച്ചതായി പരാതി. കൂടെയത്തിയ സഹപാഠികൾക്കും ക്രൂര മർദ്ദനമേറ്റു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് തൊടുപുഴയിൽ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റത്. മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിന്നുള്ള വിദ്യാർത്ഥികൾ തൊടുപുഴ ന്യൂമാൻ കോളേജിൽ നടക്കുന്ന വടംവലി മൽസരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിൽ ഒരു വിദ്യാർത്ഥിനിയും മൂന്ന് സഹപാഠികളും ചേർന്ന് മങ്ങാട്ട് കവലയിലുള്ള റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തി. ഭക്ഷണം കഴിക്കവെ അടുത്ത മേശയ്ക്ക് ചുറ്റും ഇരുന്നിരുന്ന നാല് യുവാക്കളിൽ ഒരാൾ പെൺകുട്ടിയുടെ ദേഹത്ത് മനപ്പൂർവ്വം ചാരിയതിനെ ചൊല്ലി തർക്കമുണ്ടായി. ദേഹത്ത് തട്ടിയ യുവാവിനെ പെൺകുട്ടി രൂക്ഷമായി നോക്കിയപ്പോൾ യുവാക്കൾ പരസ്യമായി അശ്ലീല പദ പ്രയോഗം നടത്തിയെന്നാണ് പരാതി.
ഇതോടെ തർക്കം മൂർച്ഛിക്കുകയും കരണത്ത് അടിക്കുകയും ചെയ്തെന്ന് പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു. ഭയന്ന് പുറത്തിറങ്ങിയ വിദ്യാർത്ഥികളെ നാല് പേരും കൂടി തടഞ്ഞ് വച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. യുവാക്കളിൽ ഒരാൾ കത്തിയെടുത്ത് വീശിയപ്പോൾ ഒരു വിദ്യാർത്ഥിയുടെ മൂക്കിന് മുറിവേൽക്കുകയും ചെയ്തു. അക്രമത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളിൽ ഒരാളുടെ ബൈക്ക് നാട്ടുകാർ പോലീസിനെ ഏൽപ്പിച്ചു. സംഭവത്തിൽ വിദ്യാർത്ഥിനിയുടെ മൊഴിയെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. അക്രമികളിൽ ഒരാൾ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള കുപ്രസിദ്ധ ഗുണ്ടയും കാപ്പാ നിയമപ്രകാരം ജയിലടക്കുകയും ചെയ്തയാളാണെന്നും പോലീസ് പറഞ്ഞു. അക്രമത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.