കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി ഹൃദയാഘാതം മൂലം മരിച്ചു; ഫെബ്രുവരി 13ന് ശേഷം മരിച്ചത് 5 കര്‍ഷകര്‍


കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. പഞ്ചാബിലെ ബതിന്‍ഡ ജില്ലയിലെ അമര്‍ഗഡ് ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകന്‍ ദര്‍ശന്‍ സിംഗാണ് മരിച്ചത്. 62 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഫെബ്രുവരി 13 മുതല്‍ ഇദ്ദേഹം ഖനൗരി അതിര്‍ത്തിയില്‍ പ്രതിഷേധിച്ചുവരികയായിരുന്നു.
ഏകദേശം 8 ഏക്കര്‍ ഭൂമിയില്‍ കൃഷി ചെയ്ത് വരികയായിരുന്ന ദര്‍ശന്‍ സിംഗിന് 8 ലക്ഷം രൂപ കടബാധ്യതയുണ്ടായിരുന്നു. ഈയടുത്ത് ഇദ്ദേഹത്തിന്റെ മകന്റെ വിവാഹം നിശ്ചയിച്ചിരുന്നു. കര്‍ഷകന്റെ കടബാധ്യത പരിഹരിക്കാനും വിവാഹ ആവശ്യത്തിനുമായി സിംഗിന്റെ കുടുംബത്തിന് തങ്ങളാല്‍ കഴിയുന്ന തുക കൈമാറുമെന്ന് കര്‍ഷക സംഘടനയായ ബികെയു ഏക്താ സിദ്ധുപൂര്‍ അറിയിച്ചു.
ഇന്നലെ രാത്രിയാണ് ദര്‍ശന്‍ സിംഗിന്റെ മരണം സ്ഥിരീകരിച്ചത്. രണ്ടാം കര്‍ഷക സമരത്തിനിടെ മരിക്കുന്ന അഞ്ചാമത്തെ കര്‍ശകനാണ് ദര്‍ശന്‍ സിംഗ്. സമരത്തിനിടെ ഒരു യുവകര്‍ഷകന്‍ വെടിയേറ്റും മരിച്ചിരുന്നു. ഹരിയാന പൊലീസ് കര്‍ഷകര്‍ക്ക് നേരെ വെടിയുതിര്‍ത്തപ്പോള്‍ സുരക്ഷിതമായ ഇടത്തിലേക്ക് മാറുന്നതിനിടെ കര്‍ഷകന്‍ വെടിയേറ്റ് മരിയ്ക്കുകയായിരുന്നു.