കാഞ്ചിയാറ്റിൽ തോടിനു കുറുകെ തടയണ നിർമാണത്തിന്റെ പേരിൽ വൻതോതിൽ പാറ പൊട്ടിച്ചു മാറ്റുന്നു
പ്രദേശവാസികളായ പലരുടെയും പേരിൽ വ്യാജ ഒപ്പിട്ട് സമർപ്പിച്ച അപേക്ഷ പരിഗണിച്ച് മൈനർ ഇറിഗേഷൻ വകുപ്പിൽ നിന്ന് 45 ലക്ഷത്തോളം രൂപ അനുവദിച്ചാണ് തടയണ നിർമാണം നടക്കുന്നതെന്നാണ് ആരോപണം.
ഈ തടയണ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയാണെന്ന് വ്യക്തമാക്കി നാട്ടുകാരുടെ നേതൃത്വത്തിൽ കലക്ടർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി.
കാഞ്ചിയാർ പഞ്ചായത്തിലെ പള്ളിക്കവല ഒറ്റമരം മേഖലയിലാണ് തടയണ നിർമാണം നടക്കുന്നത്. പഞ്ചായത്തിലെ എട്ട്, ഒൻപത് വാർഡുകളുടെ പരിധിയിലൂടെ ഒഴുകുന്ന തോടിനു കുറുകെയാണ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ തടയണ നിർമാണം നടക്കുന്നത്.
ഒറ്റമരം മേഖലയിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണാൻ തടയണ നിർമിക്കണമെന്ന് ആവശ്യപ്പെട്ട് മൈനർ ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനീയർക്ക് ജോമോൻ എന്ന വ്യക്തി നൽകിയിരിക്കുന്ന അപേക്ഷയിൽ 20 പേർ ഒപ്പിട്ടിട്ടുണ്ട്.
എന്നാൽ ഇതിൽ ഭൂരിപക്ഷം പേരുടെയും ഒപ്പുകൾ വ്യാജമായാണ് ഇട്ടിരിക്കുന്നതെന്നും ചിലർ ഇതിനടുത്തു നിന്ന് കിലോമീറ്ററുകൾ അകലെ താമസിക്കുന്നവരാണെന്നും ആക്ഷേപമുണ്ട്.
കുത്തകപ്പാട്ട ഭൂമിയിലാണ് അനധികൃതമായി തടയണ നിർമിക്കുന്നതെന്നും ആരോപണമുണ്ട്.
തടയണ നിർമിച്ചാൽ അതിനു താഴ്‌വശത്ത് താമസിക്കുന്നവരുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും വേനൽക്കാലത്ത് തോട്ടിലൂടെയുള്ള ജലമൊഴുക്ക് നിലച്ചാൽ ജലക്ഷാമം വർധിക്കുമെന്നും കൃഷിയ്ക്ക് ഉൾപ്പെടെ പ്രതിസന്ധി സൃഷ്ടിക്കുമെന്നും വ്യക്തമാക്കിയാണ് 26 പേർ ഒപ്പിട്ട് കലക്ടർ, മൈനിങ് ആൻഡ് ജിയോളജി, പൊലീസ്, ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റ് എന്നിവിടങ്ങളിൽ പരാതി നൽകിയിരിക്കുന്നത്.