സപ്ലൈകോയിലെ മാധ്യമ നിയന്ത്രണം; ‘മാധ്യമം എന്ന് പറഞ്ഞ് വരുന്ന ആരെയും കയറ്റിവിടാൻ കഴിയില്ല’; മന്ത്രി


വയനാട്: സപ്ലൈകോയിലെ മാധ്യമ നിയന്ത്രണത്തിൽ ശ്രീറാം വെങ്കിട്ടരാമൻറെ സർക്കുലറിനെ ന്യായീകരിച്ച് മന്ത്രി ജി ആർ അനിൽ. മാധ്യമം എന്നു പറഞ്ഞ് വരുന്ന ആരെയും കയറ്റിവിടാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഒരു ഓഫീസ് ആകുമ്പോൾ അതിന് നിയന്ത്രണം വേണം. മാധ്യമങ്ങൾക്ക് അനുവാദത്തോടെ പ്രവേശിക്കുന്നതിന് തടസ്സമില്ല. ഓൺലൈൻ മാധ്യമങ്ങൾ എന്ന പേരിൽ എല്ലാവരും വരികയാണ്. ഓരോ രീതിയിൽ വാര്‍ത്തകള്‍ നൽകുന്നു. ഇതൊക്കെ ആരെ സഹായിക്കാനാണ്. സ്ഥാപനം എന്ന നിലയിൽ ആ സ്ഥിതി അനുവദിക്കാൻ ആകില്ലെന്നും മന്ത്രി പറഞ്ഞു. അനുവാദമില്ലാതെ കയറിയിറങ്ങുന്ന സ്ഥിതി സ്ഥാപനത്തെ തകർക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സപ്ലൈകോ സ്‌റ്റോറുകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന സര്‍ക്കുലറിന് പിന്നാലെ കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി എത്തിയിരുന്നു. പുല്‍പ്പള്ളി സപ്ലൈകോ സ്‌റ്റോറിലെത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സംഘര്‍ഷത്തിന് വഴിവെച്ചിരുന്നു. സപ്ലൈകോ എംഡിയുടെ ജീവിത പങ്കാളി ജില്ലാ കളക്ടറായ ജില്ലയില്‍ പ്രതിഷേധിക്കുന്നുവെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ നടപടിയെടുക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു.
സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന് നേരത്തെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ജീവനക്കാര്‍ അഭിപ്രായ പ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലറിലുണ്ട്.
വിവിധ വില്‍പ്പന ശൃംഖലകളുമായി മത്സരമുള്ളതിനാല്‍ വാണിജ്യതാല്‍പ്പര്യം സംരക്ഷിക്കാനെന്ന പേരിലാണ് വിലക്ക്. മാധ്യമങ്ങളെയടക്കം ആരെയും മുന്‍കൂര്‍ അനുമതിയില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് റീജിയണല്‍ മാനേജര്‍മാര്‍ക്കും ഡിപ്പോ, ഔട്ട്ലെറ്റ് മാനേജര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.