കേരള പൊലീസിന് അഭിനന്ദനങ്ങള്‍, രണ്ട് വയസുകാരിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ്


തിരുവനന്തപുരത്ത് കണ്ടെത്തിയ രണ്ട് വയസുകാരിക്ക് ആവശ്യമായ പരിചരണവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുഞ്ഞിന് മാനസിക പിന്തുണ ഉറപ്പാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുഞ്ഞ് ഇപ്പോള്‍ എസ്.എ.ടി. ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. മികച്ച അന്വേഷണം നടത്തിയ കേരള പൊലീസിന് അഭിനന്ദനങ്ങള്‍.
കാണാതായ കുട്ടിയെ കിട്ടിയത് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് അടുത്ത് നിന്നാണ്. ഓടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പ്രശ്നങ്ങൾ കാണുന്നില്ലെന്ന് ഡി.സി.പി നിതിൻ രാജ് പറഞ്ഞു. കാണാതായ സംഭവം തട്ടിക്കൊണ്ടുപോകല്‍ തന്നെയെന്ന് പൊലീസ് നേരത്തേ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതുവരെ ആരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടില്ല.
സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകള്‍ ആയി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. കുട്ടിയുടെ മാതാവിനെ സംഭവസ്ഥലത്ത് എത്തിച്ചു പൊലീസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. രണ്ടു വയസ്സുകാരി മേരിയുടെ സഹോദരന്റെ മൊഴി അടിസ്ഥാനമാക്കിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സഹോദരന്‍ കണ്ടെന്നു പറയുന്ന മഞ്ഞ സ്‌കൂട്ടര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളില്‍ ഇത് സാധൂകരിക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നില്ല