Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Gopher
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

കേരളം ക്ഷീര കർഷക സൗഹൃദ സംസ്ഥാനമായി : മന്ത്രി ജെ. ചിഞ്ചുറാണി



*കൃത്രിമ ബീജാദാനത്തിന് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കും
*ക്ഷീരകർഷകർക്ക് പലിശ രഹിത വായ്പ പദ്ധതി ഉടൻ
*ക്ഷീരലയം പദ്ധതി വിപുലമാക്കും
*ഇടുക്കിക്ക് മൂന്ന് പുതിയ മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ
*ക്ഷീര സഹകാരി അവാർഡുകൾ വിതരണം ചെയ്തു

ക്ഷീര മേഖലയിൽ സർക്കാർ നടത്തിവരുന്ന ഇടപെടലുകള്‍ കേരളത്തെ ക്ഷീര കർഷക സൗഹൃദസംസ്ഥാനമായി രൂപാന്തരപ്പെടുത്താൻ സഹായിച്ചുവെന്ന് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. തൊഴിലവസരങ്ങളിലൂടെ നമ്മുടെ നാട്ടിൽ മികച്ച ഉപജീവന അന്തരീക്ഷം സൃഷ്ടിക്കുന്ന മേഖലയായി പശുവളർത്തല്‍ രംഗം മാറുകയാണ് . സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അണക്കരയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന ക്ഷീരകര്‍ഷകസംഗമം പടവ് 2024 അണക്കരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ കാലിസമ്പത്ത് വർദ്ധിപ്പിക്കുന്നതിനുള്ള ശക്തമായ ഇടപെടലുകളാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കൃത്രിമ ബീജാദാനത്തിന് ലിംഗനിർണ്ണയം നടത്തിയ ബീജമാത്രകള്‍ ഉപയോഗിക്കുന്ന സെക്‌സ് സോര്‍ട്ടഡ് സെമന്‍ സാങ്കേതിക വിദ്യ എല്ലാ ജില്ലകളിലും നടപ്പിലാക്കും. നിലവിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മാത്രമാണ് ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്. ഏതു സമയത്തും വീട്ടുമുറ്റത്ത് സഹായമെത്തിക്കുന്ന സംവിധാനമാണ് വകുപ്പ് നടപ്പിലാക്കി വരുന്നത്. ഇതിനായി മൂന്ന് യൂണിറ്റുകൾ ഇടുക്കി ജില്ലയിൽ നൽകിയിട്ടുണ്ട്. പദ്ധതി കൂടുതൽ വ്യാപിപ്പിക്കുന്നതിന് 17 കോടി രൂപ മാറ്റി വെച്ചിട്ടുണ്ട്. ഇതിനു പുറമെ പശുക്കളുടെ ആരോഗ്യ ജനിതക പ്രത്യേകതകൾ ഉൾക്കൊള്ളുന്ന ഹെൽത്ത് ടാഗുകൾ നൽകുന്നത് വഴി പശുപരിപാലനം കാര്യക്ഷമമാക്കാൻ കഴിയും. ഇതിനായി ഹെൽത്ത് ടാഗ് വിതരണം വ്യാപകമാക്കാൻ പദ്ധതി ആവിഷ്കരിക്കും.
പരിപൂർണ്ണ പാൽ സംഭരണം ഉറപ്പു വരുത്തുന്നതിനായി മലപ്പുറം ജില്ലയിൽ പാൽ പൊടി ഫാക്ടറി നിർമാണം ദ്രുദ ഗതിയിൽ പുരോഗമിച്ചു വരികയാണെന്നും ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഉല്പാദന ക്ഷമതയിൽ രാജ്യത്തു രണ്ടാം സ്ഥാനത്തുള്ള സംസ്ഥാനത്തിലെ പശുക്കളുടെ ഉല്പാദനം കൂട്ടുന്നത് വഴി തന്നെ സ്വയംപര്യാപ്തത എന്ന ലക്ഷ്യം കൈവരിക്കും. ഇതിനു സഹായകമായ രീതിയിൽ ഏറ്റവും ഗുണമേന്മയുള്ളതും സുരക്ഷിതവുമായ തീറ്റ ഉരുക്കൾക്ക് ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് കാലിത്തീറ്റ ബിൽ പാസ്സാക്കിയിട്ടുള്ളത്. മായം കലർന്ന തീറ്റ വിതരണം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാൻ ഇതുവഴി സാധിക്കും. പാൽ സംഭരണ സമയം 12 മണിക്കൂർ ഇടവേള ഉള്ള രീതിയിൽ ആക്കിയതു വഴി ഉല്പാദനത്തിലും ഉരുക്കളുടെ ആരോഗ്യത്തിലും മികവ് കണ്ടെത്താൻ സാധിച്ചു.

     ഇടുക്കി ജില്ലയിലെ ഗ്രാമീണ മലയോര മേഖലകളിൽ വെറ്ററിനറി സേവനം ഉറപ്പാക്കുന്നതിനായി മൂന്ന് പുതിയ മൊബൈൽ വെറ്ററിനറി ക്ലിനിക്കുകൾ സ്ഥാപിക്കും.  തോട്ടം  മേഖലയിലെ  തൊഴിലാളികളുടെ  വരുമാനം  വർദ്ധിപ്പിക്കുന്നതിനും അതിലുടെ അവരുടെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുന്നതിനുമായി ക്ഷീരലയം പദ്ധതി  നടപ്പിലാക്കും.  കമ്മ്യൂണിറ്റി ക്യാറ്റിൽ ഷെഡിൽ 10 പശുക്കളെ ലയത്തിലുള്ള 10 പേർ ചേർന്ന് വളർത്തുന്ന പദ്ധതിയാണ് ക്ഷീരലയം പദ്ധതി. ഇതിന്റെ ഭാഗമായി  മൂന്നാർ കണ്ണൻ ദേവൻ കമ്പനിയുടെ ലയവുമായി ആലോചിച്ചു  പദ്ധതിയുടെ പ്രാരംഭ പ്രവർത്തങ്ങൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ക്ഷീരകർഷകർക്ക്   ഫാം  ആധുനികവത്കരണത്തിനും  നവീകരണത്തിനുമായി ബാങ്ക് ലോണ്‍  എടുത്ത തുകയ്ക്ക്  പൂർണ്ണമായും  പലിശ സർക്കാർ ധനസഹായമായി നല്‍കുന്ന  പലിശരഹിത വായ്പ പദ്ധതി ഉടൻ ആരംഭിക്കും. പാലുല്പാദനത്തില്‍  സംസ്ഥാനം  സ്ഥിരത പുലർത്തിയത്  സർക്കാർ  ഈ  മേഖലയില്‍  നടത്തിയ  പ്രവർത്തനങ്ങളുടെ   ഫലമാണ്.   കേരളത്തിലെ  സങ്കരയിനം  പശുക്കളുടെ   പ്രതിദിന  പാല്‍  ഉല്പാദനശേഷി  10.22  ലിറ്ററാണ്.  ഈ രംഗത്ത് രാജ്യത്ത്  കേരളം രണ്ടാം  സ്ഥാനത്താണ്.  കേരളം  സ്വീകരിച്ചു  വരുന്ന  പ്രജനനനയത്തിന്റെ  ഒരു  വിജയം  കൂടിയാണ്  ഈ  കണക്ക്. ഏകദേശം  16000  ഉരുക്കളെ  സർക്കാർ ധനസഹായത്തോടുകൂടി  കർഷകർക്ക്  വിതരണം  ചെയ്യുവാന്‍  സാധിച്ചിട്ടുണ്ട്.

ക്ഷീരസഹകരണ സംഘങ്ങളിലൂടെയുള്ള പാല്‍ സംഭരണത്തില്‍ റെക്കാർഡ് വർദ്ധനവാണ് കഴിഞ്ഞ 2 വർഷങ്ങൾക്കുളിൽ കേരളം സാക്ഷിയായത്. 2022-23 വർഷം പ്രതിദിനം 21.39 ലക്ഷം ലിറ്റർ സംഭരിച്ചു. കഴിഞ്ഞ 5 വർഷങ്ങളില്‍ 30 ശതമാനം പാല്‍ സംഭരണ വർദ്ധനവ് സംസ്ഥാനത്ത് കൈവരിക്കുവാനായി എന്നത് ഈ സർക്കാർ വിവിധ വകുപ്പുകളിലൂടെയും, ഏജന്‍സികളിലൂടെയും നടത്തിയ വൈവിദ്ധ്യമാർന്ന പ്രവർത്തനങ്ങളുടേയും ശാസ്ത്രീയമായ ഇടപെടലുകളുടേയും പരിണിത ഫലമാണ്.
കേരളത്തില്‍ ക്ഷീരവികസനരംഗത്ത് ആവശ്യമായ സാങ്കേതിക, സാമ്പത്തിക സഹായങ്ങള്‍ നല്‍കി പാലുല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക, ഉൽപാദന ചെലവ് കുറച്ച് ആദായകരമായ ക്ഷീരവൃത്തി ഉറപ്പാക്കുക, ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ളതും സുരക്ഷിതവുമായ പാല്‍, പാലുല്പന്നങ്ങള്‍ ഉറപ്പാക്കുക, സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നതും സംഭരിക്കുന്നതും സംസ്കരിക്കുന്നതും വിപണനം നടത്തുന്നതുമായ പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുക, പാല്‍- പാലുല്പന്ന ഉപയോഗത്തിലൂടെ ജനതയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുക, ക്ഷീരകർഷകരുടെ സാമൂഹിക സുരക്ഷ പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുക, എന്നീ ദൗത്യങ്ങള്‍ വിജയകരമായി സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്.
അന്യസംസ്ഥാനത്ത് നിന്നും മില്‍മ മേഖലാ യൂണിയനുകള്‍ ഇറക്കുമതി ചെയ്യുന്ന പാലില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയെന്നത് ആഭ്യന്തര പാലുല്പാദനത്തിലുണ്ടായ വർദ്ധനവാണ്. 2015-16 വർഷം ഏകദേശം 5.5 ലക്ഷം ലിറ്റർ പാല്‍ ഇറക്കുമതി ചെയ്തിരുന്നുവെങ്കിൽ നിലവില്‍ 2 മുതൽ 3 ലക്ഷം ലിറ്റർ മാത്രമാണ് പാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്.
ക്ഷീരകർഷകരുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും ഈ സർക്കാർ പരിഗണന നല്‍കിയിട്ടുണ്ട്. സർക്കാർ ഇടപെടലുകള്‍ കൊണ്ട് കേവലം ഒരു പെന്‍ഷന്‍ ബോർഡ് എന്നതിലുപരി ഒരു ക്ഷേമനിധി ബോർഡ് എന്ന നിലയിലേയ്ക്ക് ക്ഷീരകർഷക ക്ഷേമനിധി ബോർഡിനെ ഉയർത്തുവാന്‍ സാധിച്ചു. തുടർ വർഷങ്ങളില്‍ കൂടുതല്‍ ക്ഷേമ പദ്ധതികള്‍ ബോർഡ് വഴി കര്ഷകരിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
തരിശു ഭൂമിയില്‍ പുല്‍കൃഷി പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 3 വർഷങ്ങളിലായി 224 ഹെക്ടർ തരിശു ഭൂമിയില്‍ സർക്കാർ ധനസഹായത്തോടു കൂടി തീറ്റപ്പുല്‍കൃഷി പദ്ധതി നടപ്പിലാക്കി.
സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതും ക്ഷീരസംഘങ്ങളില്‍ സംഭരണം നടത്തി സംസ്കരിക്കുന്നതും ഉപഭോക്താക്കള്‍ക്ക് വിപണിയില്‍ ലഭിക്കുന്നതുമായ പാലിന്റെ ഭൗതിക, രാസ, അണുഗുണനിലവാരം ഉറപ്പാക്കുന്നതില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത നിലപാടാണ് ഈ സർക്കാർ സ്വീകരിച്ചു വരുന്നത്. ഉപഭോക്താക്കള്‍ക്ക് ശുദ്ധവും ഗുണനിലവാരമുള്ളതുമായ പാല്‍ ലഭ്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി എൻ. എ. ബി. എൽ അക്രെഡിറ്റേഷനോടു കൂടിയ സംസ്ഥാന ഡയറി ലാബിന്റെ പ്രവർത്തനം കൂടുതല്‍ മെച്ചപ്പെടുത്തി. പുതിയ തലമുറ ഉരുക്കളെ സംസ്ഥാനത്ത് തന്നെ വളർത്തി എടുക്കുക എന്ന ലക്ഷ്യത്തോടുകൂടി വ്യക്തിഗത ഗുണഭോക്താക്കള്‍ക്കായി കൂടുതൽ കിടാരി പാർക്കുകൾ സ്ഥാപിക്കും.
കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതും വില്പന നടത്തുന്നതുമായ കാലിത്തീറ്റയുടെ ഗുണനിലവാരം ഉറപ്പാക്കുക, വിലനിയന്ത്രണം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോട് കൂടെ ഈ സർക്കാർ ഒരു കാലിത്തീറ്റ ആക്ട് പ്രാബല്യത്തില്‍ കൊണ്ട് വരാനാവശ്യമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇത് നിയമസഭ അംഗീകരിച്ച് നിയമനിർമ്മാണത്തിനായുള്ള നടപടികളിലാണ്.
കേരളത്തിലെ ക്ഷീര സഹകരണ മേഖലയിലുള്ള അധിക പാൽ കൈകാര്യം ചെയ്യുന്നതിനായി 10 മെട്രിക് ടൺ ശേഷിയുള്ള പാൽപ്പൊടി നിർമ്മാണ ഫാക്ടറി മലപ്പുറം ജില്ലയിൽ മൂർക്കനാട് എന്ന സ്ഥലത്ത് സ്ഥാപിക്കുന്നതിന് സർക്കാർ അനുമതി നൽകി . 131.03 കോടി രൂപ ആണ് ഇതിന്റെ പുതുക്കിയ നിർമ്മാണ ചെലവ്. ഇതിൽ 15.00 കോടി രൂപ സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടാണ്. പ്ലാന്റിന്റെ നിർമ്മാണം ഈ വർഷം പകുതിയോടെ ആരംഭിക്കും.
ക്ഷീരകർഷകരേയും അവരുടെ കുടുംബാംഗങ്ങളേയും കന്നുകാലികളേയും ഉൾപ്പെടുത്തി മെഡിക്കൽ പരിരക്ഷ വരെ ഉറപ്പാക്കിക്കൊണ്ട് “ക്ഷീരസാന്ത്വനം“ പദ്ധതിയ്ക്കായി 5 കോടി രൂപ വിനിയോഗിച്ചു കഴിഞ്ഞു. 2023-24 സാമ്പത്തിക വർഷം ക്ഷീരകർഷക ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിലാണ് ക്ഷീരസാന്ത്വനം പദ്ധതി നടപ്പിലാക്കുന്നത്. അതിന് സർക്കാർ വിഹിതമായി 50 ലക്ഷം രൂപ വകയിരുത്തിട്ടുള്ളതിൽ 26.5 ലക്ഷം രൂപ പദ്ധതിയ്ക്കായി വിനിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

യുവ സംരഭകർ ഈ മേഖലയിലേക്ക് ധാരാളമായി കടന്നു വരാനുള്ള സാഹചര്യങ്ങൾ ഒരുക്കാൻ കഴിഞ്ഞു. . കോവിഡും പ്രളയവും സൃഷ്ടിച്ച നാശ നഷ്ടങ്ങളെ അതിജീവിച്ചുകൊണ്ട് ക്ഷീരോല്പാദനത്തിൽ നമുക്ക് സ്വയം പര്യാപ്തതക്ക് അടുത്തെത്താൻ സാധിച്ചത് വലിയ നേട്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു..


ക്ഷീരകർഷകർക്കായി വിവിധ ക്ഷേമ പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നുണ്ടെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ചു വാഴൂർ സോമൻ എംഎൽഎ പറഞ്ഞു. യോഗത്തിൽ ക്ഷീരവികസന വകുപ്പ് ഡയറക്ടർ ആസിഫ് കെ യൂസഫ് പദ്ധതി വിശദീകരണം നടത്തി. ജില്ല പഞ്ചായത്ത് മിൽക്ക് ഇൻസെന്റീവ് പദ്ധതി ഉദ്ഘാടനവും നിർവഹിച്ചു.

പരിപാടിയിൽ ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങൾ മന്ത്രി വിതരണം ചെയ്തു.
സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ഷീര കർഷകനുള്ള ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന ക്ഷീര സഹകാരി അവാർഡ് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയിൽ നിന്നും തൊടുപുഴ കുറുമുള്ളാനിയിൽ ഷൈൻ കെ ബി ഏറ്റുവാങ്ങി. ആപ്കോസ് വിഭാഗത്തിൽ മികച്ച ക്ഷീര സംഘത്തിനുള്ള ഡോ. വർഗീസ് കുര്യൻ അവാർഡ് കോഴിക്കോട് ജില്ലയിലെ മൈക്കാവ് ക്ഷീരോല്പാദക സഹകരണ സംഘം കരസ്ഥമാക്കി. നോൺ ആപ്കോസ് വിഭാഗത്തിൽ ഈ പുരസ്കാരം ഇടുക്കി ജില്ലയിലെ ലക്ഷ്മി മിൽക്ക് പ്രൊഡ്യൂസേഴ്സ് സഹകരണ സംഘം നേടി.
വിവിധ വിഭാഗങ്ങളിലുള്ള മാധ്യമ അവാർഡുകൾ ക്ഷീര സംഗമത്തിൽ വച്ച് വിതരണം ചെയ്തു. പി സുരേശൻ (ദേശാഭിമാനി), നോബിൾ ജോസ് (മാതൃഭൂമി), അനിൽ വള്ളിക്കാട്, ശ്രീകാന്ത് കെ മാനന്തവാടി, ബി എൽ അരുൺ (മനോരമ ന്യൂസ്), ഫാം ഇൻഫർമേഷൻ ബ്യൂറോ, അരുൺ കുമാർ വയനാട്, സിബു കെ ബി (മലയാള മനോരമ) എന്നിവർ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
മിൽമ ചെയർമാൻ കെ എസ് മണി, കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ, ഇ.ആർ.സി.എം.പി.യു ചെയർമാൻ എം ടി ജയൻ, ടി.ആർ.സി.എം.പി.യു ചെയർപേഴ്സൺ മണി വിശ്വനാഥ്, ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് ടോമി തോമസ് കാവാലം, ഇടുക്കി ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് കുരുവിള എന്നിവർ സംസാരിച്ചു. കേരള ക്ഷീര കർഷക ക്ഷേമനിധി ബോർഡ് സി.ഇ.ഒ ആർ രാംഗോപാൽ, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് എം ഡി ഡോ.രാജീവ്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുസുമം സതീഷ്, ഇ.ആർ.സി.എം.പി.യു ബോർഡ് മെമ്പർ പോൾ മാത്യു, എം.ആർ.സി.എം.പി.യു ബോർഡ് മെമ്പർ പി പി നാരായണൻ, കെ സലിം കുമാർ എന്നിവർ സന്നിഹിതരായി.
പരിപാടിയിൽ കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ സ്വാഗതവും ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ ശാലിനി ഗോപിനാഥ് നന്ദിയും പറഞ്ഞു .

ഉദ്ഘാടന യോഗത്തിന് ശേഷം മൃഗപരിപാലനത്തിലെ പരമ്പരാഗത ചികിത്സ രീതികൾ എന്ന വിഷയത്തിൽ മണ്ണുത്തി വെറ്റിനറി സർവകലാശാല അസോസിയേറ്റ് പ്രൊഫസർ ഡോ. സുരേഷ് എൻ നായർ സെമിനാർ അവതരിപ്പിച്ചു. ഉച്ചക്ക് ശേഷം ക്ഷീരകർഷകരായ കോഴിക്കോട് സ്വദേശി ജിനേഷ് പി ബി, മലപ്പുറം സ്വദേശി ജംഷീർ പി സി, വടശ്ശേരിക്കര സ്വദേശി റെയ്സൺ ചാക്കോ, എറണാകുളം സ്വദേശി മോനു വർഗീസ് മാമൻ, തൊടുപുഴ സ്വദേശി നിഷാ ബെന്നി എന്നിവർ തങ്ങളുടെ വിജയഗാഥകൾ പങ്കുവെച്ചു. തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ക്ഷീരകർഷകർ തങ്ങളുടെ ശാസ്ത്രീയ കണ്ടെത്തലുകളുടെ അവതരണം നടത്തി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!