കട്ടപ്പന കല്ലുകുന്ന് കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം വീണ്ടും താളം തെറ്റി .


കട്ടപ്പന കല്ലുകുന്ന് കുടിവെള്ള പദ്ധതിയുടെ പ്രവർത്തനം വീണ്ടും താളം തെറ്റി .
പ്രദേശത്ത് ഒരാഴ്ചയായി കുടിവെള്ളം വിതരണമില്ല.
തകരാറിലായ മോട്ടോർ നന്നാക്കി പ്രശ്നം പരിഹരിക്കാൻ വാട്ടർ അതോറിറ്റി ഉദ്യാഗസ്ഥർ അനാസ്ഥ കാട്ടുന്നതായി ആരോപണം. കുടിവെള്ളം ലഭ്യമാക്കുവാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഗുണഭോക്താക്കൾ കാലി ബക്കറ്റുകളുമായി കട്ടപ്പന ഗാന്ധിസ്ക്വയറിലെത്തി സൂചനാ സമരം നടത്തിയത്.
കട്ടപ്പന നഗരസഭാപരിധിയില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് കല്ലുകുന്ന്. എട്ട്, ഒന്‍പത് വാര്‍ഡുകളിലായി 320 ഗാര്‍ഹിക കണക്ഷനുകളും 17 പൊതുകണക്ഷനുകളുമാണ് ഉള്ളത്. മുൻപ് വൈദ്യുതി ബിൽ കുടിശിഖ അടയ്ക്കാത്തതിനെ തുടർന്ന് പല തവണ പ്രദേശത്ത് കുടിവെള്ള വിതരണം നിലച്ചിരുന്നു. ഇതേ തുടർന്ന് വാട്ടർ അതോറിറ്റിയും നഗരസഭയും തമ്മിലുണ്ടായ അഭിപ്രായഭിന്നതകളും വിവാദമായിരുന്നു. എന്നാലതിനെല്ലാം പരിഹാരം ഉണ്ടായി പദ്ധതി നല്ല രീതിയിൽ നടന്നുവരുന്നതിനിടെയാണ് ഇപ്പോൾ ഒരാഴ്ചയായി പ്രദേശത്ത് കുടിവെള്ള വിതരണം തടസപ്പെട്ടിരിക്കുന്നത്.
മാസങ്ങൾക്കു മുൻപ് ലക്ഷങ്ങൾ മുടക്കി പൈപ്പുകളെല്ലാം മാറി സ്ഥാപിച്ചിരുന്നതാണ്. എന്നാൽ മോട്ടോർ തകരാറിലായതാണ് ഇപ്പോൾ കുടിവെള്ള വിതരണം തടസപ്പെടാൻ കാരണമെന്ന് പറയപ്പെടുന്നു. എന്നാൽ മോട്ടോർ നന്നാക്കി കുടിവെള്ളം ലഭ്യമാക്കുവാൻ അധികൃതർ നിസംഗത പുലർത്തുന്നുവെന്നാരോപിച്ച് കല്ലുകുന്ന് നിവാസികൾ കട്ടപ്പന ഗാന്ധി സ്ക്വയറിൽ സൂചന സമരം നടത്തി.
വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിൽ തന്നെ ഇത്തരത്തിൽ കുടിവെള്ളം ലഭിക്കാതായിട്ട് അധികൃതർ യാതൊരു ഇടപെടലും നടത്തുന്നില്ല എന്നാരോപിച്ചാണ് ഗുണഭോക്താക്കൾ കാലി ബക്കറ്റുകളുമായി ഗാന്ധി പ്രതിമയ്ക്കു മുൻപിലെത്തിയത്.
നഗരസഭാ കൗൺസിലർമാരായ ജോയി ആനിത്തോട്ടം, സിജു ചക്കുംമൂട്ടിൽ എന്നിവർ ജനകീയ സമരത്തിന് പിന്തുണയുമായി എത്തി
ഗുണഭോക്താക്കളിൽ നിന്നും വെള്ളത്തിൻ്റെ ബില്ല് പിരിക്കുന്നത് ജല അതോറിറ്റിയാണ്. കുടിവെള്ള ക്ഷാമം ഏറ്റവും രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രദേശത്ത് പാവപ്പെട്ട ജനങ്ങൾക്ക് കുടിവെള്ളം വാഹനങ്ങളിലെത്തിക്കാൻ സാമ്പത്തിക സ്ഥിതിയില്ലെന്നും അധികൃതർ അടിയന്തിരമായി ഇടപെട്ട് കുടിവെള്ള വിതരണം പുനസ്ഥാപിക്കണമെന്നുമാണ് കല്ലുകുന്ന് നിവാസികളുടെ ആവശ്യം.