ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്രനിയമത്തില്‍ ഭേദഗതി; പ്രമേയം ഐകകണ്ഠേനെ പാസാക്കി
തിരുവനന്തപുരം: ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തില്‍ ഭേദഗതി ചെയ്യണമെന്ന പ്രമേയം നിയമസഭ പാസാക്കി. ഐകകണ്‌ഠേനയാണ് നിയമം പാസാക്കിയത്. വനം മന്ത്രി എ കെ ശശീന്ദ്രനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്.
പ്രായോഗിക വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കേന്ദ്രനിയമത്തില്‍ ഭേദഗതി വരുത്തണമെന്ന് മന്ത്രി പറഞ്ഞു. വന്യജീവി ആക്രമണങ്ങള്‍ക്ക് നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശം കൂടി വേണമെന്ന് പ്രതിപക്ഷ എംഎല്‍എ ടി സിദ്ദിഖ് ആവശ്യപ്പെട്ടു. നഷ്ടപരിഹാര തുക ഉയര്‍ത്തുന്നത് സംസ്ഥാനത്തിന്റെ പരിധിയാണെന്നും അത് പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ശരിയാവില്ലെന്നും മന്ത്രി പ്രതികരിച്ചു.
വന്യജീവികള്‍ പെറ്റുപെരുകി ജനവാസ മേഖലയിലേക്ക് ഇറങ്ങുകയാണെന്ന് പ്രമേയം അവതരിപ്പിക്കവെ മന്ത്രി പറഞ്ഞു. ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അനുവദിക്കുന്നില്ല. കേന്ദ്ര സര്‍ക്കാര്‍ ഉപദ്രവകാരികളായ വന്യജീവികളെ ഉന്മൂലനം ചെയ്യാന്‍ അനുമതി നിഷേധിക്കുന്നു. അടിയന്തര നടപടി സ്വീകരിക്കാനുള്ള അധികാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനൊപ്പം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ക്കുമുണ്ടാകും. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നും പ്രമേയത്തിലുണ്ട്.