ഓര്‍മയുണ്ടോ കാതോര്‍ത്തിരുന്ന ആ കാലം? ഇന്ന് ലോക റേഡിയോ ദിനം
ഇന്ന് ലോക റേഡിയോ ദിനമാണ്. ശ്രവ്യ ആസ്വാദനത്തിന്റെ പുതിയ പതിപ്പുകള്‍ ഇന്ന് ലഭ്യമാണെങ്കിലും റേഡിയോയോളം ഗൃഹാതുരമായ മറ്റൊരു മാധ്യമമില്ല. റേഡിയോയിലെ വാര്‍ത്തകളും പാട്ടുകളും കേള്‍ക്കുന്നത് വലിയൊരു വിഭാഗത്തിന് ഇന്നും ദിനചര്യയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനംവരെ ലോകത്തെ പരസ്പരം ബന്ധിപ്പിച്ചിരുന്ന ഏറ്റവും ചെലവ് കുറഞ്ഞ മാധ്യമമായിരുന്നു റേഡിയോ. അടിയന്തരാവസ്ഥ കാലത്തും മറ്റ് പ്രകൃതി ദുരന്തങ്ങളുമൊക്കെയുണ്ടാകുന്ന കാലത്തും റേഡിയോ ജനജീവിതവുമായി ഇഴുകിച്ചേര്‍ന്നുനിന്നു.
1946 ഫെബ്രുവരി 13ന് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചതിന്റെ ആദര സൂചകമായാണ് ലോകമിന്ന് റേഡിയോ ദിനം ആചരിക്കുന്നത്. 1923ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. അന്നേ വരെ ഇന്ത്യന്‍ ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ശ്രവ്യ മാധ്യമത്തിന്റെ പുതിയ അനുഭവം ആളുകളിലേക്ക് എത്തിച്ചത് റേഡിയോ ക്ലബ് ഓഫ് ബോംബെ എന്നൊരു കൂട്ടായ്മയാണ്. പിന്നീട് 1927 ജൂലൈ 23ന് ഇത് പുനര്‍നാമകരണം ചെയ്ത് ഓള്‍ ഇന്ത്യ റേഡിയോ ആയി മാറി.
ഒളിമങ്ങാത്ത ഓര്‍മ്മകളാണ് റേഡിയോ സമ്മാനിക്കുന്നത്. മാറിയ കാലത്തും, വീട്ടകങ്ങളിലെ അടുക്കള തിരക്കുകളിലും സമയസൂചികയായി വരെ നിറയുന്ന റേഡിയോ വിശേഷങ്ങള്‍ നിരവധിയാണ്. ടെലിവിഷനും, ഇന്റര്‍നൈറ്റ് സാധ്യമാക്കിയ സാമൂഹ്യമാധ്യമങ്ങളും അരങ്ങ് കീഴടക്കിയെങ്കിലും റേഡിയോയുടെ ജനപ്രീതിക്ക് ഇന്നും ഇടിവില്ല. റേഡിയോ നൂറ്റാണ്ടിന്റെ വിവര വിനോദ വിജ്ഞാനം എന്നതാണ് ഇത്തവണത്തെ റേഡിയോ ദിനത്തിന്റെ പ്രമേയം.