ഇരട്ടയാർ ഇനി ഹരിത പഞ്ചായത്ത്; തുമ്പൂർമുഴി യൂണിറ്റ് പ്രവർത്തനം തുടങ്ങി


ഹരിതകേരളം മിഷൻ മാതൃക പദ്ധതി പ്രകാരം ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ജൈവമാലിന്യ സംസ്‍കരണത്തിനായി നിർമ്മിച്ച തുമ്പൂർമുഴി മോഡൽ എയറോബിക് കമ്പോസ്റ്റിംഗ് യൂണിറ്റ് പ്രവർത്തനം തുടങ്ങി. ഇരട്ടയാറിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിഷാ ഷാജി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സിനി മാത്യു അധ്യക്ഷത വഹിച്ചു.
ജൈവ മാലിന്യ സംസ്കരണത്തിലെ ശാസ്ത്രീയ രീതികൾ അവലംബിച്ച് ഹരിത കേരളം മിഷൻ സാങ്കേതിക വിദഗ്ധരുടെ മേൽനോട്ടത്തിലാണ് തുമ്പൂർമുഴി യൂണിറ്റ് നിർമ്മാണം പൂർത്തിയാക്കിയത്.
ഉദ്ഘാടന പരിപാടിയിൽ ഇരട്ടയാർ പഞ്ചായത്ത് അംഗങ്ങളായ ബിൻസി ജോണി, ആനന്ദ് സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. ആർ ശിവദാസ്, വി. ഇ. ഒ രമ്യ ആർ , അസി. എഞ്ചിനീയർ അനു, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ എബി വർഗീസ്, ഹരിത കർമ്മസേന കൺസർഷ്യം ഭാരവാഹികളായ നിഷാമോൾ പി. ടി, രഞ്ജു ജേക്കബ്, ഹരിത കർമ്മസേന അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
തുമ്പൂർമുഴി യൂണിറ്റ് പ്രവർത്തനം ഇങ്ങനെ
ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ജൈവമാലിന്യങ്ങൾ ഹരിതകർമ്മ സേന വഴി ശേഖരിച്ചു കമ്പോസ്റ്റ് ചെയ്തു വളം നിർമ്മിക്കുന്നതിനുള്ള യൂണിറ്റായാണ് പ്രവർത്തനം. ഇരട്ടയാർ, നത്തൂകല്ല്, ശാന്തിഗ്രാം ടൗണുകളിലെ ഹോട്ടലുകൾ, ബേക്കറി, പഴം പച്ചക്കറിക്കടകൾ, ഇറച്ചി, മീൻ കടകൾ എന്നിവിടങ്ങളിൽ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ സർക്കാർ നിശ്ചയിച്ചിട്ടുള്ള യൂസർഫീ നിരക്കിൽ ഞായർ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ശേഖരിക്കും. ഇതോടൊപ്പം നത്തൂകല്ല് മുതൽ ശാന്തിഗ്രാം വരെയുള്ള പ്രധാന റോഡ് വശങ്ങളിലുള്ള വീടുകളിൽ നിന്നും ഓഡിറ്റോറിയങ്ങളിൽ നിന്നുമുള്ള ഭക്ഷണവശിഷ്ടങ്ങൾ, ജൈവ മാലിന്യങ്ങൾ എന്നിവയും ശേഖരിക്കും. സർക്കാർ ഉത്തരവ് പ്രകാരം ഇരട്ടയാർ ഹരിതകർമ്മ സേനയുടെ സംരഭകയൂണിറ്റായിട്ടാണ് തുമ്പൂർമുഴി കമ്പോസ്റ്റിംഗ് യൂണിറ്റ് പ്രവർത്തിക്കുന്നത്. ഹരിത കേരളം മിഷൻ ഗ്രാമപഞ്ചായത്ത് കോർഡിനേറ്ററുടെ പരിശീലനത്തിലും മേൽനോട്ടത്തിലുമാണ് യൂണിറ്റ് പ്രവർത്തിക്കുക.