‘തീരുമാനം രോഹിത്തിന്റെ ജോലിഭാരം കുറയ്ക്കാൻ’; ഹാർദിക്കിനെ ക്യാപ്റ്റനാക്കാനുള്ള കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യൻസ്
ക്യാപ്റ്റൻ സ്ഥാനത്തുനിന്നും രോഹിത് ശർമയെ മാറ്റാനുള്ള കാരണം വ്യക്തമാക്കി ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസ്. രോഹിതിൻ്റെ ജോലി ഭാരം കുറയ്ക്കാനാണ് ഹാർദിക്കിനെ ക്യാപ്റ്റനായി നിയമിച്ചതെന്ന് എംഐ കോച്ച് മാർക്ക് ബൗച്ചർ. സമ്മർദ്ദം ഒഴിവാക്കി രോഹിതിന് കളി ആസ്വദിക്കാനും, വ്യക്തിഗത പ്രകടനം മെച്ചപ്പെടുത്താനും തീരുമാനം സഹായകമാകുമെന്നും മുൻ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ അഭിപ്രായപ്പെട്ടു.
ദീർഘകാലം മുംബൈ ഇന്ത്യൻസിനെ നയിച്ച രോഹിത് ശർമയെ മാറ്റി പകരം ഹാർദിക് പാണ്ഡ്യയെ നായകനാക്കിയത് മുംബൈ ആരാധകരെ ചൊടിപ്പിച്ചിരുന്നു. മുംബൈയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൂട്ടത്തോടെ അൺഫോളോ ചെയ്തുകൊണ്ട് ആരാധകർ വിജയോജിപ്പ് രേഖപ്പെടുത്തി. ഇതിനിടെ, ഇതാദ്യമായാണ് തലമുറമാറ്റത്തെക്കുറിച്ച് എംഐ ഔദ്യോഗിക പ്രതികരണം നടത്തുന്നത്. മൂന്നു ഫോർമാറ്റിലും ഇന്ത്യയുടെ നായകനായ താരത്തിൻ്റെ ജോലിഭാരം കുറയ്ക്കുന്നതിനാണ് തീരുമാനമെന്നാണ് മാർക്ക് ബൗച്ചർ പറയുന്നത്.
‘ഇതൊരു ക്രിക്കറ്റിംഗ് തീരുമാനമാണ്. ഒരു കളിക്കാരനായി ഹാർദിക്കിനെ തിരിച്ചെടുക്കാനുള്ള വിൻഡോ പീരീഡ് നമുക്ക് ലഭിച്ചു. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു പരിവർത്തന ഘട്ടമാണ്. ഇന്ത്യയിൽ പലർക്കും അത് മനസ്സിലായിട്ടില്ല, ആളുകൾ വളരെ വികാരാധീനരാകുന്നു. ഒരു കളിക്കാരനെന്ന നിലയിൽ രോഹിതിൽ നിന്ന് ഏറ്റവും മികച്ചത് പുറത്തെടുക്കാൻ ഈ തീരുമാനം സഹായിക്കുമെന്ന് ഞാൻ കരുതുന്നു. രോഹിത് ഗ്രൗണ്ടിൽ പോയി കളി ആസ്വദിച്ച് കുറച്ച് നല്ല റൺസ് നേടട്ടെ’-മാർക്ക് ബൗച്ചർ പ്രതികരിച്ചു.