ഒരിടവേളയ്ക്ക് ശേഷം പട്ടം കോളനി മേഖലയില്‍ വീണ്ടും ചന്ദനമോഷണം പതിവാകുന്നു


നെടുങ്കണ്ടം: ഒരിടവേളയ്ക്ക് ശേഷം പട്ടം കോളനി മേഖലയില്‍ വീണ്ടും ചന്ദനമോഷണം പതിവാകുന്നു. കഴിഞ്ഞ ദിവസം തൂക്കുപാലം അന്‍പതേക്കറില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്നും രണ്ട് ചന്ദന മരങ്ങള്‍ മുറിച്ചുകടത്തി.
കേരള തമിഴ്നാട് അതിര്‍ത്തി മേഖല കേന്ദ്രീകരിച്ചുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്നാണ് സൂചന.
മറയൂര്‍ കഴിഞ്ഞാല്‍ ഇടുക്കി ജില്ലയില്‍ ഏറ്റവും കൂടുതല്‍ ചന്ദനമരങ്ങളുള്ളത് പട്ടം കോളനിയിലെ സ്വകാര്യഭൂമികളിലാണ്. ഇവിടങ്ങളില്‍ നിന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 250 ല്‍ അധികം ചന്ദനമരങ്ങളാണ് മോഷ്ടിക്കപ്പെട്ടിട്ടുള്ളത്. രാമക്കല്‍മേട് ബാലന്‍പിള്ള സിറ്റിയില്‍ നിന്നും 18 ചന്ദനമരങ്ങള്‍ മുറിച്ചു കടത്തിയതിന് ശേഷം കഴിഞ്ഞ രണ്ട് മാസമായി സജീവമല്ലാതിരുന്ന ചന്ദന മാഫിയ വീണ്ടും രംഗത്തിറങ്ങിയതിന്റെ സൂചനകളാണ് മോഷണങ്ങള്‍ നല്‍കുന്നത്. രാമക്കല്‍മേട്ടില്‍ നിന്നും ചന്ദനം മുറിച്ചു കടത്തിയ സംഭവത്തില്‍ അന്വേഷണം എങ്ങും എത്തിയില്ല. പ്രതികളും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിനെ തുടര്‍ന്നാണ് അന്വേഷണം മരവിപ്പിച്ചതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് മേഖലയില്‍ ചന്ദന മാഫിയ അഴിഞ്ഞാടുന്നതെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. നെടുങ്കണ്ടം തൂക്കുപാലത്തു നിന്നും ഇന്നലെ രാത്രിയിലാണ് 83, 36 സെന്റീമീറ്റര്‍ വലിപ്പമുള്ള രണ്ട്ചന്ദന മരങ്ങള്‍ മുറിച്ച് കടത്തിയത്.
തായ്ത്തടി എടുത്ത ശേഷം ബാക്കി ഭാഗം ഉപേക്ഷിച്ച നിലയിലാണ്. ഒരു ലക്ഷത്തോളം വിലവരുന്ന ചന്ദനമരമാണ് മുറിച്ചത്. അര്‍ധ രാത്രിയോടെയാണ് മോഷണം നടന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. സമീപത്തുള്ള ചന്ദനമരങ്ങളും മുറിക്കുവാന്‍ ശ്രമം നടത്തിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്ന് മുമ്ബ് പോലീസ് കണ്ടെത്തിയിരുന്നു. ഇതേ സമയം മറയൂര്‍ മേഖലയിലും ചന്ദന മോഷണത്തിന് കുറവില്ല. കഴിഞ്ഞ ദിവസമാണ് മറയൂര്‍ കൂടവയലില്‍ ആറ്റുപുറമ്ബോക്കില്‍ നിന്ന മൂന്ന് ലക്ഷം രൂപ വിലമതിപ്പുള്ള ചന്ദന മരം മുറിച്ചു കടത്തിയത്. മൂന്നുമാസത്തിനിടെ സ്വകാര്യ ഭൂമിയില്‍ ചന്ദന മോഷണവുമായി ബന്ധപ്പെട്ട് ഏഴു പേരെ അറസ്റ്റ് ചെയ്തെങ്കിലും ഇപ്പോഴും ചന്ദന മോഷണം അനസ്യൂതം തുടരുകയാണ്.