മധുര തനിഷ്ക് ജ്വല്ലറി സ്വർണ കവർച്ച; നഷ്ടപ്പെട്ടത് 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളും

മധുര തനിഷ്ക് ജ്വല്ലറിയിൽ നിന്ന് മോഷ്ടിച്ച ആഭരണങ്ങളുടെ കണക്ക് പുറത്ത്. പൊലീസ് എഫ്ഐആറിലെ വിവരങ്ങളാണ് പുറത്ത് വന്നത്. 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളുമാണ് നഷ്ടപ്പെട്ടത്. 35 കിലോ സ്വർണം നഷ്ടപ്പെട്ടുവെന്നായിരുന്നു പ്രാഥമികമായി പുറത്ത് വന്ന വിവരങ്ങൾ. എന്നാൽ പൊലീസിട്ട എഫ്ഐആറിൽ 15 കിലോ സ്വർണവും മൂന്ന് കിലോ വജ്രാഭരണങ്ങളും നഷ്ടപ്പെട്ടുവെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുഖ്യപ്രതി നിഷാന്തിൽ നിന്നും ഇന്നലെ 6.4 കിലോയോളം സ്വർണ-വജ്രാഭരണങ്ങൾ കണ്ടെത്തി. നേരത്തെ പിടിയിലായ നിഷാന്തിന്റെ പിതാവ് സുരേഷ്, സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ മീനാക്ഷി എന്നിവരിൽ നിന്നും 5.5 കിലോയും കണ്ടെത്തിയിരുന്നു. ആകെ കണ്ടെത്തിയ ആഭരണത്തിന്റെ അളവ് ഇതോടെ 11.9 ആയി.ഇന്നലെ പുലർച്ചെ സേലം ധർമപുരിയിൽ വച്ച് അറസ്റ്റിലായ നിഷാന്തിനെ പ്രത്യേക അന്വേഷണ സംഘം രാത്രിയോടെ മധുരയിൽ എത്തിച്ചു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്വർണം കണ്ടെത്തിയത്. പ്രതിയെ ഡിസംബർ ഒന്ന് വരെ റിമാൻഡ് ചെയ്തു. നിഷാന്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. മറ്റ് പ്രതികളായ മീനാക്ഷി, സുരേഷ് എന്നിവരും റിമാൻഡിലാണ്.













































































































































