തൊണ്ടിമുതലായ മണ്ണുമാന്തി യന്ത്രം കടത്തിയ കേസ്; എസ്.ഐ അറസ്റ്റില്‍


കോഴിക്കോട് മുക്കത്ത് പൊലീസ് സ്റ്റേഷനില്‍നിന്ന് തൊണ്ടിമുതലായ മണ്ണുമാന്തി യന്ത്രം കടത്തിയ കേസില്‍ എസ്.ഐ അറസ്റ്റില്‍. സസ്പെന്‍ഷനിലായിരുന്ന മുക്കം എസ്.ഐ നൗഷാദിനെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റുചെയ്തത്. മണ്ണുമാന്തിയന്ത്രം കടത്താന്‍ പ്രതികള്‍ക്ക് എസ്.ഐ സൗകര്യമൊരുക്കിയെന്ന് തെളിവുലഭിച്ചു. കേസിലെ ഒന്നാം പ്രതി ബഷീറിനെയും അറസ്റ്റുചെയ്തു.
മണ്ണുമാന്ത്രി യന്ത്രമിടിച്ച് യുവാവ് മരിച്ച കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനം, മുക്കം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍നിന്ന് കടത്തിയ കേസിലാണ് എസ്.ഐയെ അറസ്റ്റുചെയ്തത്. രേഖകളില്ലാത്ത മണ്ണുമാന്തി യന്ത്രം മാറ്റി മറ്റൊന്നുകൊണ്ടിടാന്‍ പ്രതികള്‍ക്ക് എസ്.ഐ കൂട്ടുനിന്നെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് കണ്ടെത്തി. കേസിലെ ഒന്നാം പ്രതി ഒളിവിലായിരുന്ന ബഷീറിനെയും അറസ്റ്റുചെയ്തു. ബഷീര്‍ മണ്ണുമാന്തി യന്ത്രമെടുക്കാന്‍ സ്റ്റേഷനിലേക്ക് വരുമ്പോള്‍ വാഹനത്തില്‍ എസ്.ഐയും കൂടെയുണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യം ക്രൈ ബ്രാഞ്ചിന് ലഭിച്ചു. എസ്.ഐയും ബഷീറുമായുള്ള ഫോണ്‍ സംഭാഷണങ്ങളും തെളിവായി. ഇരുവരും മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാല്‍ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിടുകയായിരുന്നു. കേസില്‍ നാല് പ്രതികള്‍ നേരത്തെ അറസ്റ്റിലാണ്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 19നാണ് കൊടിയത്തൂരില്‍ മണ്ണുമാന്ത്രി യന്ത്രമിടിച്ച് സുധീഷെന്ന യുവാവ് മരിച്ചത്. കസ്റ്റഡിയിലെടുത്ത വാഹനത്തിന് ഇന്‍ഷുറന്‍സുള്‍പ്പെടെയുള്ള രേഖകളുമില്ലായിരുന്നു. പ്രതികള്‍ ഈ വാഹനം സ്റ്റേഷന്‍ വളപ്പില്‍ നിന്ന് കടത്തി രേഖകളെല്ലാമുള്ള മറ്റൊന്ന് കൊണ്ടിട്ടു. നേരത്തെ കേസ് അന്വേഷിച്ച നൗഷാദ് അന്വേഷണം വൈകിപ്പിച്ചതായും മോട്ടോര്‍വാഹന വകുപ്പിന് വാഹനം പരിശോധനക്കായി വിട്ടുകൊടുത്തില്ലെന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ക്രൈം ബ്രാഞ്ച് അന്വേഷണമേറ്റെടുത്തത്.